Kerala

മഅദനി കേരളത്തിലേക്ക് പുറപ്പെട്ടു, വൈകിട്ട് കരുനാഗപ്പളളിയിലെത്തും

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും. കേരളത്തിലേക്കുള്ള യാത്രക്ക് എന്‍ഐഎ കോടതി അനുവാദം നല്‍കിയിട്ടും ബംഗളൂരു പോലീസിന്റെ സുരക്ഷാ അനുമതി വൈകിച്ചതോടെ വ്യാഴാഴ്ച യാത്ര മുടങ്ങിയിരുന്നു. സമയം ലാഭിക്കാന്‍ വിമാനമാര്‍ഗമുള്ള യാത്രക്ക് ശ്രമിച്ചെങ്കിലും അനുഗമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കൈവശമുള്ള ആയുധങ്ങള്‍ കൊണ്ടു പോകുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങള്‍ മൂലം യാത്ര വൈകാന്‍ സാധ്യത ഉള്ളതിനാലാണ് റോഡ് മാര്‍ഗമാക്കിയത്.

കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മഅദനിയ്ക്ക് അകമ്പടി പോകാന്‍ പോലീസുകാര്‍ ഇല്ലെന്നായിരുന്നു ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നത്. പിന്നീട് സിറ്റി ആംഡ് റിസര്‍വ്(സിഎആര്‍) പോലീസിന്റെ സഹായത്തോടെ സുരക്ഷ ഏര്‍പ്പാടാക്കിയതിനെ തുടര്‍ന്നാണ് ഇന്നു കേരളത്തിലേക്ക് മടങ്ങാന്‍ മഅദനിക്ക് അവസരമൊരുങ്ങിയത്.

സേലം, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ വഴി മഅ്ദനി വൈകിട്ട് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തും. കൂടെ ഭാര്യ സൂഫിയ മഅ്ദനി, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സെക്രട്ടറിമാരായ സലിബാബു, നൗഷാദ് തിക്കോടി എന്നിവര്‍ അനുഗമിക്കുന്നുണ്ട്. കര്‍ണാടക പൊലീസിലെ ഇന്‍സ്‌പെക്ടര്‍മാരടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ മഅ്ദനിക്ക് സുരക്ഷ നല്‍കും.

മേയ് മൂന്നു മുതല്‍ 11 വരെ മഅദനിക്ക് കേരളത്തില്‍ തങ്ങാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അര്‍ബുദ രോഗിയായ മാതാവിനെ കാണാന്‍ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് മഅദനി അപേക്ഷ നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top