Breaking News

കേന്ദ്രമന്ത്രി വി മുരളീധരനെ ചോദ്യം ചെയ്യണം, രാജിവെക്കണമെന്നും സിപിഎം

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളിധരന് മന്ത്രി സ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ടുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. അദ്ദേഹം രാജിവെയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. ഈ കേസ് എൻഐഎയെ ഏൽപ്പിച്ച ഉത്തരവിൽ ആഭ്യന്തര മന്ത്രാലയവും നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണ്ണം കടത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷവും വി.മുരളീധരൻ തന്റെ നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റേയും ധനമന്ത്രാലയത്തിന്റേയും നിലപാട് പരസ്യമായി തള്ളിയ മുരളീധരൻ കൂട്ടുത്തരവാദിത്തമില്ലാതെ പ്രവർത്തിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സിപിഐ എം ആരോപിച്ചു.

നയതന്ത്ര ബാഗേജിലാണെന്ന് വിദേശമന്ത്രാലയത്തെ അറിയിച്ചിട്ടും മന്ത്രി ഇങ്ങനെ നിലപാട് സ്വീകരിച്ചത് ഏറെ ഗൗരവതരമാണ്. എന്നു മാത്രമല്ല നയതന്ത്ര ബാഗേജ് ആണെന്ന് സ്ഥിരീകരിച്ച് വിദേശ മന്ത്രാലയം അനുമതി നൽകിയിട്ടാണ് അത് പരിശോധിച്ചതെന്നും ധനമന്ത്രാലയം പാർലമെന്റിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതോടെ അന്വേഷണത്തെ അട്ടിമറിക്കാൻ ബോധപൂർവ്വം നടത്തിയ ഇടപെടൽ തന്നെയാണിതെന്ന് ഉറപ്പായി.

മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയ, ഈ കേസിലെ പ്രതി നൽകിയ മൊഴിയിൽ നയതന്ത്ര ബാഗേജല്ലെന്ന് പറയാൻ ബിജെപി അനുകൂല ചാനലിന്റെ കോ-ഓർഡിനേറ്റിങ്ങ് എഡിറ്റർ അനിൽ നമ്പ്യാർ ആവശ്യപ്പെട്ടതായി വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസ് മാധ്യമ ശ്രദ്ധ നേടുന്നതിനു മുമ്പാണ് ഈ ഉപദേശം നൽകിയിട്ടുള്ളത്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിനെ തുടർന്ന് കസ്റ്റംസ് സംഘത്തിലുണ്ടായ മാറ്റങ്ങളും സംശയകരമാണ്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിന്റെ തുടർച്ചയിൽ മുരളീധരനിലേക്ക് അന്വേഷണം എത്തുമായിരുന്നു.

ഇതിനു മുമ്പ് നിരവധി തവണ നയതന്ത്ര ബാഗേജ് വഴി സ്വർണ്ണം കടത്തിയിട്ടുണ്ടെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാകുന്നു. വിദേശ മന്ത്രാലയത്തിലെ ഉന്നതരുടെ സഹായമില്ലാതെ ഇത് നടക്കില്ല മുരളീധരൻ മന്ത്രിയായതിനു ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിര സംഭവമായിരിക്കുന്നു. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട കേസിൽ സത്യം പുറത്തു വരുന്നതിന് മുരളീധരനെ ചോദ്യം ചെയ്യണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ ഇതുവരെ യു.ഡി.എഫ് പ്രതികരിച്ചില്ലെന്നും ശ്രദ്ധേയമാണ്. ലോകസഭയിൽ യുഡിഎഫ് എംപിമാർക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നും ഇവർ പുലർത്തുന്ന കുറ്റകരമായ നിശബ്ദത യുഡിഎഫ്-ബിജെപി ബാന്ധവത്തിന്റെ ഭാഗമാണ്. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുന്നതിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിനു കൂടിയാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നതും തിരിച്ചറിയണമെന്നും സിപിഐ എം പ്രസ്താവനയിൽ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top