Breaking News

കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച; വൻ കൃഷി നാശം; 150 വർഷം പഴക്കമുള്ള ചാപ്പൽ നിലംപൊത്തി / video

ആലപ്പുഴ: ആലപ്പുഴയിൽ മഴക്കെടുതി തുടരുന്നു. തുടർച്ചയായുണ്ടാകുന്ന മടവീഴ്ചയിൽ വൻ കൃഷി നാശമാണ് ഉണ്ടായത്. ശക്തമായ മഴയിലും മടവീഴ്ചകളിലും വെള്ളപ്പൊക്കത്തിലും 1800 ഹെക്ടറോളം കൃഷിയാണ് കുട്ടനാട്ടിൽ നശിച്ചത്. കൃത്യമായ വിവരം കൃഷി വകുപ്പ് ശേഖരിച്ച് വരികയാണ്.

പള്ളാത്തുരിത്തി കരുവേലി പാടത്ത് മട വീണ് 160 ഏക്കർ കൃഷിയാണ് ഇവിടെ മാത്രം നശിച്ചത്. സമീപത്തെ കൊമ്പൻ കുഴി പാടശേഖരത്തിൻ്റെ ബണ്ട് കരകവിഞ്ഞ് വെള്ളം കയറി കരുവേലി പാടത്തിൻ്റെ മട വീഴുകയായിരുന്നു.

മടവീഴ്ചയെ തുടർന്ന് സി.എസ്.ഐ ചാപ്പൽ പൂർണമായും തകർന്നുവീണു. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്.
ഇന്ന് പുലര്‍ച്ചെയാണ് പള്ളി തകർന്നുവീണത്. രണ്ട് പാടശേഖരങ്ങള്‍ക്ക് നടുവിലായിരുന്നു സെന്‍റ് പോള്‍സ് സി.എസ്.ഐ ദേവാലയം. ആദ്യം വെള്ളം പള്ളിക്കകത്ത് കയറുകയും പിന്നാലെ പള്ളി തകര്‍ന്നു വീഴുകയുമായിരുന്നു.

പ്രദേശത്ത് മടവീഴ്ചയുണ്ടാകുമെന്ന് ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു.
8000 പേരെ ഇതിനകം മാറ്റിത്താമസിപ്പിച്ചു. ഇന്നലെ നെടുമുടി മാത്തൂർ പാടശേഖരത്തിലും മട വീണു. 550 ഏക്കർ വരുന്ന പാടത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ പുറംതൂമ്പ് ശക്തമായ നീരൊഴുക്കിൽ കുത്തിയൊലിച്ച് പോവുകയായിരുന്നു. 15 മീറ്റർ നീളത്തിലാണ് മടവീഴ്ച ഉണ്ടായത്. 40 ദിവസം പ്രായമെത്തിയ നെൽച്ചെടികളാണ് മടവീഴ്ചയിൽ നശിച്ചത്.

വെള്ളം കയറിയതിനെത്തുടർന്ന് എ സി റോഡിലെ ഗതാഗതം പൂർണ്ണമായും നിലച്ചു. KSRTC ആലപ്പുഴ- ചങ്ങനാശ്ശേരി സർവീസുകൾ നിർത്തിവച്ചിരിക്കയാണ്.

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയിൽ തലവടി വെള്ളക്കിണർ ജംഗ്ഷന് സമീപം റോഡിലേക്ക് മരം വാഹന ഗതാഗതം തടസ്സപ്പെട്ടു. പതയോരത്ത് നിന്ന വൻമരം റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top