തിരുവനന്തപുരം: രോഗിയുമായി പോയ ആംബുലൻസിനു നടുറോഡിൽ തീ പിടിച്ചു. വെഞ്ഞാറംമൂടിലെ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് റോഡിൽ കത്തിയമർന്നത്. ഇന്ന് ഉച്ചക്ക് 12.15ഓടെയായിരുന്നു സംഭവം. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെയും ഡ്രൈവറെയും മറ്റുള്ളവരെയും ഉടൻ തന്നെ പുറത്തിറക്കി. ആർക്കും പരുക്കില്ല.
ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണം എന്നാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ആംബുലൻസ് പൂർണമായും കത്തിനശിച്ചു. വെഞ്ഞാറമൂട് അഗ്നിശമന സ്റ്റേഷനിൽ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് തീയണച്ചത്. നടുറോഡിൽ ആംബുലൻസിന് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. എംസി റോഡിൽ അൽപനേരം ഗതാഗതതടസമുണ്ടായി. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.