Latest News

ഗാംഗുലി ഉടന്‍ ബിജെപിയില്‍ ചേരും; 2021 തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ പ്രചരണത്തിനിറങ്ങും; ആരോപണം തള്ളി അമിത് ഷാ

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വിവാദമാകുന്നു. ബിജെപി ബന്ധമാണ് ഗാംഗുലിയെ എതിരില്ലാതെ തെരഞ്ഞെടുക്കാന്‍ കാരണമെന്നും ഇതിന് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുടെ ഇടപെടല്‍ ഉണ്ടെന്നുമാണ് ആരോപണം.

ഗാംഗുലി ഉടന്‍ ബിജെപിയില്‍ ചേരും. 2021 തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാമെന്ന് ഗാംഗുലി അമിത്ഷായുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ ചില കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്റ് പദവി കിട്ടിയത്. തുടങ്ങിയ ആരോപണങ്ങളാണ് പ്രചരിക്കുന്നത്.

അതേസമയം ഗാംഗുലിയുമായി ഈ രീതിയിലുള്ള ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല എന്നാണ് അമിത്ഷാ പറയുന്നത്. എല്ലാം ഗാംഗുലിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും പ്രതികരിച്ചു. ഗുജറാത്തില്‍ ക്രിക്കറ്റുമായി വര്‍ഷങ്ങളായി ബന്ധമുള്ളയാളാണ് താന്‍. അതുകൊണ്ടു തന്നെ ഗാംഗുലിയുമായി പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ ഒരു കുഴപ്പവുമില്ല. എന്നാല്‍ ഇതൊന്നും ഗാംഗുലിയെ ബിജെപിയില്‍ ചേര്‍ക്കാന്‍ വേണ്ടിയല്ല. അക്കാര്യം ഗാംഗുലിയുടെ സ്വകാര്യ തീരുമാനമാണെന്നും അമിത്ഷാ പറയുന്നു. ബിസിസിഐയുടെ തീരുമാനങ്ങളില്‍ കൈകടത്താനാകില്ല. ബിസിസിഐയ്ക്ക് സ്വന്തം തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളുണ്ട്. അതില്‍ കൈകടത്താനാകില്ലെന്നും അമിത്ഷാ പറയുന്നു.

ബംഗാളില്‍ ബിജെപിയ്ക്ക് പ്രത്യേകിച്ച് ഒരു മുഖവും ആവശ്യമില്ല. ഒരു മുഖവും കൂടാതെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവിടെ 18 സീറ്റുകള്‍ പിടിച്ചത്. ആരുമില്ലാതെ തന്നെ അവിടെ വിജയം നേടാന്‍ ബിജെപിയ്ക്ക് ആകും. ഗാംഗുലി ബിജെപിയില്‍ എത്തിയാല്‍ അതിനെ സ്വാഗതം ചെയ്യും. ബിജെപി കൊള്ളാമോ ഇല്ലയോ എന്ന് തോന്നേണ്ടത് ഗാംഗുലിക്കാണ്. ആള്‍ക്കാര്‍ക്ക് ചേരാവുന്ന നല്ല പാര്‍ട്ടിയാണ് ബിജെപിയെന്ന് എല്ലാവരോടും പറയുന്നതായും അമിത്ഷാ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top