കോഴിക്കോട്: നേത്രചികിത്സക്കെത്തിയ മൂന്ന് വയസ്സുകാരന് ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ചെന്നാരോപിച്ച് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് മുന്നില്‍ മൃതദേഹവുമായെത്തി ബന്ധുക്കളുടെ പ്രതിഷേധം. മലപ്പുറം ചേളാരി സ്വദേശി രാജേഷിന്റെ മകന് അനയ് ആണ് മരിച്ചത്.
അനസ്തേഷ്യ കൊടുത്തതിനെ തുടര്‍ന്ന് കുട്ടി കുഴഞ്ഞു വീണ് മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കണ്ണിന് അപകടം പറ്റിയ കുട്ടിയെ ഇന്നലെയാണ് കോംട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, കുട്ടിയുടെ ആരോഗ്യനില പരിഗണിക്കാതെ ആശുപത്രി അധികൃതര്‍ അനസ്തേഷ്യ നല്‍കുകയും തുടര്‍ന്ന് കുഞ്ഞ് കുഴഞ്ഞു വീണ് മരിക്കുകയുമായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പ്രത്യേകസംഘം ഇന്ന് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. ആശുപത്രിയ്ക്കെതിരെ നരഹത്യയ്ക്ക് എതിരെ കേസെടുക്കുമെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു.