തൃശൂരില്‍ എക്സൈസ് കസ്റ്റഡിയില്‍ കഞ്ചാവ് കേസ് പ്രതി മരിച്ചത് മര്‍ദ്ദനമേറ്റെന്ന് റിപ്പോര്‍ട്ട്. തലയ്ക്കും മുതുകിനുമേറ്റ മര്‍ദ്ദനമാണ് മരണകാരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലാകെ 12 ക്ഷതങ്ങളാണുള്ളത്. കൈമുട്ട് കൊണ്ട് മര്‍ദ്ദിച്ചെന്നും സംശയിക്കുന്നുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷം തുടര്‍ നടപടിയെടുക്കുമെന്ന് എക്സൈസ് മന്ത്രി അറിയിച്ചു.
ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍ മരിച്ചത്. രണ്ടുകിലോ കഞ്ചാവുമായാണ് രഞ്ജിത്തിനെ പിടികൂടിയത്. തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. മരണശേഷമാണ് രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചത്. ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ പ്രതിക്ക് തലക്കറക്കമുണ്ടായെന്നും അപസ്മാരത്തിന്റെ ലക്ഷണമുണ്ടായതായും എക്സൈസ് പറഞ്ഞിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ ദേഹം മുഴുവന്‍ വെള്ളത്തില്‍ മുക്കിയത് പോലെയായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.