തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ക്കു മുന്നില്‍ അപേക്ഷയുമായി നില്‍ക്കേണ്ട ആവശ്യം ഇനിയില്ല. ഓണ്‍ലൈനായി അവധിയെടുക്കാനുള്ള സംവിധാനം ഈമാസം ഒന്നുമുതല്‍ നിലവില്‍ വന്നു.
ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാര്ക് വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അതത് മേധാവികള്‍ക്ക് ഫോം പൂരിപ്പിച്ചു നല്കി അപേക്ഷ സമര്‍പ്പിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാല്‍ ഇനിമുതല്‍ കംപ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് ഓണ്‍ലൈന്‍ ആയി അവധിക്ക് അപേക്ഷിക്കാം. ജീവനക്കാര്‍ക്കു നല്‍കിയിട്ടുള്ള യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ചാണ് സ്പാര്ക് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മേലുദ്യോഗസ്ഥന് ഇവ ഓണ്‍ലൈനായിത്തന്നെ അംഗീകരിക്കുകയോ തള്ളുകയോ ചെയ്യും. അവധി വിവരങ്ങള്‍ ഡിജിറ്റല്‍ സര്‍വീസ് ബുക്കിലും രേഖപ്പെടുത്തും.