അമൃത്സര്‍: പഞ്ചാബില്‍ രണ്ടാഴ്ച്ചയ്ക്കിടെ അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരിച്ചത് 17 പേര്. ഇതോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം 23ല്‍ എത്തി. ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിക്കുന്നവരില്‍ ഏറെയും യുവാക്കളാണ്. ഹെറോയ്ന്‍ മറ്റൊരു ലഹരിമരുന്നുമായി കൂട്ടിയോജിപ്പിച്ച് ഉപയോഗിക്കുന്നതാണ് പ്രധാനമായും മരണകാരണമാകുന്നത്. അതിമാരകമായ ഈ ലഹരിമരുന്ന് ഞരമ്പില്‍ കുത്തി വച്ചാണ് ലഹരിയുടെ അത്യുന്നതിയിലെത്താന്‍ ഇവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ ലഹരി ഉപയോഗിക്കുന്നയാളുടെ ശരീരത്തില്‍ ഗുരുതര മാറ്റങ്ങള്‍ ഉണ്ടാവുകയും മരവിച്ച് കറുത്ത നിറത്തിലാവുകയും ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരിച്ച മകന്റെ അരികത്തിരുന്ന് ഒരു അമ്മ നിലവിളിച്ചു കരയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ജീവന് നഗറിലെ കുപ്പത്തൊട്ടിയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഞരമ്പില്‍ കുത്തിവച്ച നിലയില്‍ സിറിഞ്ച് മൃതദേഹത്തില്‍നിന്നു പോലീസ് കണ്ടെത്തി.