Kerala

അമ്മയില്‍ കൂട്ടരാജി; ആക്രമിക്കപ്പെട്ട നടിയടക്കം നാല് പേര്‍ രാജിവെച്ചു

തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്ന് കൂട്ടരാജി. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് നടിമാരാണ് സംഘടനയില്‍ നിന്ന് രാജിവെച്ചത്. രാജി വെക്കാനുള്ള സാഹചര്യങ്ങള്‍ കൃത്യമായി വിശദീകരിച്ചുകൊണ്ടാണ് താരങ്ങള്‍ സംഘടന വിടുന്നത്.

റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി വിവരം അറിയിച്ചത്. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചാണ് താരങ്ങളുടെ രാജി.

ഫേസ്ബുക്ക് കുറിപ്പ്:

അമ്മ എന്ന സംഘടനയില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണ് . എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം . ഇതിനു മുന്പ് ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍ , ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വെക്കുന്നു.
എന്ന്
(ആക്രമിക്കപ്പെട്ട നടി)

അവള്‍ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു.

മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ യില്‍ നിന്ന് ഞങ്ങളില്‍ ചിലര്‍ രാജി വെക്കുന്നു. 1995 മുതല്‍ മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ.ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അംഗീകാരങ്ങള്‍ നേടി തരുന്ന മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു പക്ഷേ,സ്ത്രീ സൗഹാര്‍ദ്ദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല ഈ സംഘടന എന്നു ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

ഒട്ടേറേ സ്ത്രീകള്‍ അംഗങ്ങളായുള്ള സംഘടനയാണിതെന്ന് ഓര്‍ക്കണം. മാത്രമല്ല വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അതിനായി നടത്തിയ ശ്രമങ്ങളെ , ഫാന്‍സ് അസോസിയേഷനുകളുടെ മസില്‍ പവറിലൂടേയും തരം താണ ആക്ഷേപഹാസ്യത്തിലൂടെയും പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്.

അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് ‘അമ്മ’ സ്വീകരിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുക വഴി, തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറല്‍ ബോഡിയില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന ഈ വിഷയം ചര്‍ച്ചക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്.

ഞങ്ങള്‍ക്ക് ഈ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നത് ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ല. ഈ തീരുമാനമെടുക്കുമ്പോള്‍, ആക്രമണത്തെ അതിജീവിച്ച അംഗത്തെ നിങ്ങള്‍ ഓര്‍ത്തില്ല! അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ അവളുടെ പോരാട്ടത്തിന് കൂടുതല്‍ ശക്തമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ”അമ്മ’യില്‍ നിന്നും രാജി വെക്കാനുള്ള അവളുടെ തീരുമാനത്തോട് ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളില്‍ കുറച്ചു പേര്‍ രാജി വെക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നു .

”അമ്മ’ യില്‍ നിന്നും രാജി വെക്കുകയാണ് . ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്റെ രാജി . ഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവര്‍ത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത് . ഞാന്‍ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതില്‍ വിശ്വസിക്കുന്നു . നീതി പുലരട്ടെ .
-രമ്യാ നമ്പീശന്‍

”അമ്മ’യില്‍ നിന്ന് ഞാന്‍ രാജി വെക്കുകയാണ് . വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്. അമ്മയക്കകത്തു നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണ് എന്ന് മുന്‍ നിര്‍വ്വാഹക സമിതി അംഗം എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടത് . ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ് . ഇനിയും അതനുവദിക്കാന്‍ കഴിയില്ല . എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീര്‍ത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകള്‍ക്കെതിരെ ഞാന്‍ പുറത്തു നിന്നു പോരാടും.
-ഗീതു മോഹന്‍ ദാസ്

ഇപ്പോള്‍ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്‌നത്തിന്റെ പേരിലല്ല ഞാന്‍ ‘അമ്മ’ വിടുന്നത്.
അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തില്‍ ഒത്തുതീര്‍പ്പുകളില്ലാതെ , ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ്.
-റീമ കല്ലിങ്കല്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top