Kerala

കേരളം ചര്‍ച്ച ചെയ്യുന്നു, ശരിക്കും ആരാണ് തൃപ്തി ദേശായി..?

ശരണമന്ത്രങ്ങളുമായി ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ കേരളം ചര്‍ച്ച ചെയ്യുന്നത് തൃപ്തി ദേശായിയുടെ വരവാണ്. ശബരിമല യുവതീ പ്രവേശന പ്രശ്‌നങ്ങള്‍ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളം വരെ എത്തി നില്‍ക്കുമ്പോള്‍ കേരളം ഒന്നടങ്കം ചോദിക്കുന്നു ആരാണ് തൃപ്തി ദേശായി..?

ശബരിമല യുവതീപ്രവേശം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴൊക്കെ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് തൃപ്തി ദേശായി. ഇവര്‍ മറ്റാരുമല്ല, ലിംഗസമത്വത്തിനുവേണ്ടി വാദിക്കുന്ന ആക്ടിവിസ്റ്റാണ്. പുണൈ ആസ്ഥാനമായി ഭൂമാതാ ബ്രിഗേഡ് എന്നപേരില്‍ 2010 ല്‍ ഒരു സംഘടനയുണ്ടാക്കിയതോടെയാണ് തൃപ്തി ദേശായി എന്ന പേര് ദേശീയതലത്തില്‍ ശ്രദ്ധേയമാകുന്നത്. ക്ഷേത്രങ്ങളിലെ ആരാധനകളില്‍ നിന്ന് സ്ത്രീകളെ മാറ്റി നിര്‍ത്തപ്പെടുന്ന സ്ഥലങ്ങളിലാണ് തൃപ്തി ശബ്ദമുയരുന്നത്.

ഇന്ന് ഈ ശബരിമലയില്‍ തുടങ്ങിയതല്ല തൃപ്തിയുടെ ക്ഷേത്രപ്രവേശന പോരാട്ടങ്ങള്‍, 2014ല്‍ മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ശനി ശിംഘ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ നടത്തിയ പോരാട്ടത്തിലൂടെയാണ് തൃപ്തി ദേശായിയും സംഘടനയായ ഭൂമാതാ ബ്രിഗേഡും ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്നത്. ശനി ശിംഘ്നാപൂര്‍ ക്ഷേത്രത്തില്‍ 400 കൊല്ലം പഴക്കമുള്ള സ്ത്രീപ്രവേശന വിലക്കാണ് തൃപ്തിയുടെ നേതൃത്വത്തില്‍ ഇല്ലാതാക്കിയത്. അന്ന് തന്നെ താന്‍ ശബരിമലയിലും എത്തുമെന്നും ഇവര്‍ അറിയിച്ചിരുന്നു.

പൂനൈ കോലപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തിനായിരുന്നു ആദ്യ പോരാട്ടം. നാസിക്കിലെ ത്രൈയംബകേശ്വര്‍ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു. അടുത്ത പോരാട്ടം മുംബൈ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെയായിരുന്നു. അവിടേയും വിജയം കൈവരിച്ച ശേഷമാണ് തൃപ്തിയുടെ ശ്രദ്ധ ശബരിമലയിലേക്ക് തിരിഞ്ഞത്.

2015 ലാണ് ശബരിമല സംബന്ധിച്ച് ഇവര്‍ ആദ്യമായി ഒരു പ്രസ്താവന നടത്തിയത്. ജാതിമത ഭേദമില്ലാതെ സര്‍വ്വരും മലചവിട്ടിയെത്തിയിട്ടും ആര്‍ത്തവത്തിന്റെ പേരില്‍ ഒരു കൂട്ടം സ്ത്രീകളെ മലചവിട്ടാന്‍ അനുവദിക്കില്ലെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു അന്ന് അവര്‍ വ്യക്തമാക്കിയത്.

2003-ല്‍ പൂനെയിലെ ചേരിനിവാസികള്‍ക്കിടയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന ക്രാന്തിവീര്‍ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെയാണ് തൃപ്തി സാമൂഹ്യപ്രവര്‍ത്തന രംഗത്ത് എത്തുന്നത്. 2012ല്‍ പൂണൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച തൃപ്തി പരാജയപ്പെട്ടിരുന്നു. 2010ല്‍ രൂപീകരിക്കുമ്പോള്‍ 400 അംഗങ്ങളുണ്ടായിരുന്ന തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡില്‍ ഇപ്പോള്‍ അയ്യായിരത്തിലധികം അംഗങ്ങളുണ്ട്.

കര്‍ണ്ണാടകയിലെ നിപാനിലാണ് തൃപ്തി ദേശായിയുടെ ജനനം. തൃപ്തിയുടെ പിതാവ് തെക്കന്‍ മഹാരാഷ്ട്രയിലെ സ്വാമിയായ ഗഗന്‍ഗിരി മഹാരാജിന്റെ ശിഷ്യത്വം സ്വീകരിച്ച് സന്യാസിയായപ്പോള്‍ അമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പമായി തൃപ്തിയുടെ ജീവിതെ. പൂനൈയിലെ ശ്രീമതി നതിബാല്‍ ദാമോദര്‍ താക്കര്‍സേ വനിതാ സര്‍വ്വകലാശാലയില്‍ ഹോംസയന്‍സ് ബിരുദ പഠനത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കുവാന്‍ സാധിച്ചില്ല. പ്രശാന്ത് ദേശായിയാണ് തൃപ്തിയുടെ ഭര്‍ത്താവ്. ഒരു മകനുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top