കൊച്ചി: ഇരുമുടി കെട്ടില്ലാതെ ദേവസ്വംബോര്‍ഡ് അംഗം ശങ്കര്‍ ദാസ് പതിനെട്ടാം പടി കയറിയ സംഭവത്തില്‍ ദുരുദ്ദേശത്തോടെ ആചാരം ലംഘിച്ചെങ്കില്‍ മാത്രമേ ബോര്‍ഡ് അംഗത്വം റദ്ദാക്കാനാകുവെന്ന് ഹൈക്കോടതി.
പതിനെട്ടാം പടിയില്‍ പൊലീസുകാര്‍ സേവനം ചെയ്യുന്നത് ആചാരലംഘനമെന്ന് പറയാന്‍ കഴിയുമോ എന്ന് ചോദിച്ച കോടതി ശങ്കര്‍ദാസിന്റെ ഭാഗത്ത് പെരുമാറ്റ ദൂഷ്യം ഉണ്ടായോയെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും പറഞ്ഞു.
ബോര്‍ഡ് അംഗമായി ചുമതല ഏല്ക്കുമ്പോള് നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണ് ശങ്കര്‍ ദാസ് നടത്തിയതെന്നായിരുന്നു ചേര്‍ത്തല സ്വദേശിയുടെ ഹര്‍ജിയിലെ ആരോപണം.
അതേസമയം ഇരുമുടിക്കെട്ടില്ലാതെ താന്‍ പതിനെട്ടാം പടി കയറിയത് ചടങ്ങിന്റെ ഭാഗമായിട്ടായിരുന്നുവെന്നും അത് ആചാര ലംഘനമല്ല. ആചാര ലംഘനമാണെങ്കില്‍ പരിഹാരക്രിയ ചെയ്യാന്‍ തയാറാണെന്നുമായിരുന്നു സംഭവത്തില്‍ ശങ്കര്‍ ദാസ് പ്രതികരിച്ചത്.