എന്‍ഡോസള്‍ഫാന്‍ തീമഴയായ് പെയ്തിറങ്ങി സര്‍വതും സംഹരിച്ച കാസര്‍ഗോഡിന്റെ മണ്ണില്‍ നന്മയുടെ വെളിച്ചവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷന്. കാസര്‍ഗോഡ് ജില്ലയിലെ എന്മകജെ പഞ്ചായത്തില്‍ 5 ഏക്കറിലായി ‘ജോയ് ആലുക്കാസ് വില്ലേജ്’ ഉയരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി 36 വീടുകളാണ് ജോയ് ആലുക്കാസ് വില്ലേജില്‍ പണികഴിപ്പിക്കുന്നത്. ശ്രീ സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റിന്റെ സായിപ്രസാദം പദ്ധതിയുടെ ഭാഗമായിട്ടാണ് പാര്‍പ്പിട നിര്‍മ്മാണം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുളള 5 ഏക്കര്‍ ഭൂമിയിലാണ് വീടുകളുടെ നിര്‍മ്മാണം. 10 സെന്റില്‍ 600 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ 6 ലക്ഷം രൂപ ചിലവിട്ടാണ് ഓരോ വീടും നിര്‍മിക്കുന്നത്. രണ്ട് ബെഡ്റൂം, ഹാള്‍, അടുക്കള, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് വീടിന്റെ നിര്‍മ്മാണം. രണ്ടര കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഈ വര്‍ഷം ജനുവരിയിലായിരുന്നു തുടക്കമിട്ടത്. അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി മെയ് ആദ്യവാരത്തോടെ താക്കോല്‍ കൈമാറുമെന്ന് ചെയര്മാന് ജോയ് ആലുക്കാസ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വീടുകള്‍ക്ക് പുറമെ അംഗന്‍വാടി, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മിനി തിയ്യേറ്റര്‍, ആരോഗ്യകേന്ദ്രം തുടങ്ങിയ മറ്റ് സൗകര്യങ്ങളും ജോയ് ആലുക്കാസ് വില്ലേജിലുണ്ടാകും. സര്‍ക്കാര്‍ അംഗീകരിച്ച ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുത്ത 36 കുടുംബങ്ങള്‍ക്കാണ് വീട് കൈമാറുക. സായിപ്രസാദം പദ്ധതിയിലെ രണ്ടാമത്തെ ഗ്രാമമായിരിക്കും ജോയ് ആലുക്കാസ് വില്ലേജ്. ഒന്നിലധികം കമ്പനികള്‍ ചേര്‍ന്നാണ് ആദ്യ വില്ലേജിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെങ്കില്‍ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ മാത്രം മേല്‍നോട്ടത്തിലാണ് രണ്ടാമത്തെ വില്ലേജ് നിര്‍മ്മിക്കുന്നത്.