Ernakulam

രാജ്യത്തിന് എന്ത് സംഭാവന നല്‍കാന്‍ കഴിയുമെന്ന് ഐടി സമൂഹം ചിന്തിക്കണം  : അല്‍ഫോണ്‍സ് കണ്ണന്താനം

ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടിക്ക് സമാപനം

ഡിജിറ്റല്‍ ഭാവിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രാജ്യത്തിനു വേണ്ടി എന്ത് സംഭാവന നല്‍കാന്‍ കഴിയുമെന്ന് രാജ്യത്തെ ഐടി സമൂഹം ചിന്തിക്കണമെന്ന് കേന്ദ്ര ഐടി-ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊച്ചിയില്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചര്‍സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപ്ലവമാണ് ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്നത്. 125 കോടി ജനങ്ങളുടെ വിവരശേഖരണം നടത്തുകയും അവര്‍ക്കുള്ള സേവനങ്ങള്‍ ഡിജിറ്റലാക്കുകയും ചെയ്തത് ചെറിയ കാര്യമല്ല. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിമര്‍ശനത്തിന് പ്രസക്തിയില്ല. ഒരു ടെലിഫോണ്‍ ഡയറക്ടറിയില്‍ ഉള്ളതില്‍ കൂടുതല്‍ വിവരം ആര്‍ക്കും ആധാറില്‍ നിന്ന് ചോര്‍ത്താനാകില്ല. ബയോമെട്രിക് വിവരങ്ങള്‍ക്ക് പൂര്‍ണ സുരക്ഷയാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. സമൂഹനന്മയ്ക്കുതകുന്നതാകണം സാങ്കേതിക വിദ്യകള്‍. ഡിജിറ്റല്‍ ഉച്ചകോടിയോടെ സാങ്കേതികവിദ്യാ രംഗത്ത് സംസ്ഥാനം മുന്‍പന്തിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിലേക്കുള്ള ഡിജിറ്റല്‍ വികസനത്തിന് രാഷ്ട്രീയം തടസ്സമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിറ്റല്‍ ഭാവിയിലേക്കുള്ള മികച്ച കാല്‍വയ്പാണ് ഹാഷ് ഫ്യൂച്ചര്‍. ഈ ഉദ്യമം തുടര്‍ന്നു കൊണ്ടു പോകുന്നതിന് എല്ലാ സഹകരണവും വരും കാലങ്ങളില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ അവസാന വ്യക്തിയുടെ കൂടി ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഓഖി പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാന്‍ പോലും സാങ്കേതിക വിദ്യയ്ക്ക് സാധിക്കും. ജനങ്ങളുമായി നേരിട്ടു സംവദിക്കാന്‍ ഡിജിറ്റല്‍ ഇടം പോലെ മറ്റൊരു മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇനിയെന്ത് എന്ന ചോദ്യമാണ് ഹാഷ് ഫ്യൂച്ചര്‍ സമ്മേളനം അവശേഷിപ്പിക്കുന്നതെന്ന് ചടങ്ങില്‍ നന്ദി പറഞ്ഞ ഇന്‍ഫോസിസ് സഹ സ്ഥാപകനും ഐടി ഉന്നതാധികാര സമ്മിതി അംഗവുമായ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ദ്വിദിന സമ്മേളനത്തിലെ എല്ലാ ചര്‍ച്ചകളുടെയും വീഡിയോ ഓണ്‍ലൈനില്‍ ലഭ്യമാക്കും. ചര്‍ച്ചകളും സംവാദങ്ങളും ക്രോഡീകരിച്ച വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. ഡാറ്റാ നിയന്ത്രണം സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നാസ്‌കോം പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍, കെപിഎംജി ഇന്ത്യ ചെയര്‍മാന്‍ അരുണ്‍ കുമാര്‍, സ്മാര്‍ട്ട് സിറ്റി സിഇഒ മനോജ് നായര്‍, സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ സംബന്ധിച്ചു.

രണ്ടുദിവസങ്ങളായി കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഉച്ചകോടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 700 ഓളം കമ്പനികളുടെ സിഇഒമാരടക്കം 2100 പ്രതിനിധികളാണ് രണ്ട് ദിവസം നടന്ന ഉച്ചകോടിയില്‍ പങ്കെടുത്തത്. രഘുറാം രാജന്‍, നന്ദന്‍ നിലേഖനി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top