കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന് 11 മണിക്ക് പാര്‍ട്ടി ആസ്ഥാനത്തു ചേരും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നുള്ള നേതൃപ്രതിസന്ധി പരിഹരിക്കുകയാണു ലക്ഷ്യം.
സ്ഥിരം പ്രസിഡന്റിനെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തും വരെയാകും ഇടക്കാല പ്രസിഡന്റിനെ നിയമിക്കുക. നിയമനത്തിന് അംഗീകാരം നല്കാന് പിന്നീട് എഐസിസി സമ്മേളനം ചേരും.ഇടക്കാല പ്രസിഡന്റിനെ സംബന്ധിച്ചു ധാരണയായിട്ടില്ലെങ്കിലും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനു നറുക്കു വീണേക്കുമെന്ന അഭ്യൂഹം ശക്തമാണ്. സോണിയ ഗാന്ധിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ മുതിര്‍ന്ന നേതാക്കള്‍ വാസ്നിക്കിന്റെ പേരു നിര്‍ദേശിച്ചതായാണു സൂചന.