തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനെ ഇടിച്ചുകൊന്ന കേസില്‍ റിമാന്‍ഡിലായ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാതെ സര്‍ക്കാര്‍. റിമാന്‍ഡിലായി 48 മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്യണമെന്ന സര്‍വീസ് ചട്ടം നിലനില്‍ക്കെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നടപടി എടുക്കുന്നില്ല.
ഇന്നലെ വൈകിട്ടാണ് ശ്രീറാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകളും ചുമത്തുകയായിരുന്നു. അപകടത്തിന് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്ട്രേറ്റുമായി എത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ തന്നെ തുടരാന്‍ അനുവദിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ തുടര്‍ന്ന് ജാമ്യത്തിന് ശ്രമിക്കാനാണ് ശ്രീറാമിന്റെ നീക്കം. നാളെ ജില്ലാ സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലേ ജാമ്യാപേക്ഷ സമര്‍പ്പിക്കും.
കേസില്‍ ശ്രീറാമിനൊപ്പം സുഹൃത്ത് വഫാ ഫിറോസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനെ പ്രോത്സാഹിപ്പിച്ചുവെന്ന വിലയിരുത്തലിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങി.