യെല്ലോ സ്റ്റോണ്‍ ദേശീയോദ്യാനം സന്ദര്‍ശിക്കാനെത്തിയ 9 വയസ്സുകാരിക്കാണ് കാട്ടുപോത്തിന്റെ ആകസ്മികമായ ആക്രമണത്തില്‍ പരിക്കേറ്റത്. ആയിരം കിലോയോളം ഭാരമുള്ള ഒരു കൂറ്റന്‍ കാട്ടുപോത്താണ് പെണ്‍കുട്ടിയെ കൊമ്പില്‍ തൂക്കി വായുവിലേക്ക് ചുഴറ്റിയെറിഞ്ഞത്.കുടുംബാംഗങ്ങളോടൊപ്പം ഫ്ലോറിഡയില്‍ നിന്നും യെല്ലോസ്റ്റോണ്‍ ദേശിയോദ്യാനം സന്ദര്‍ശിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി.
പെണ്‍കുട്ടിയും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന വിനോദസഞ്ചാര സംഘം ഏകദേശം 20 മിനിട്ടോളം സംഘം കാട്ടുപോത്തിനെ നിരീക്ഷിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു. പെട്ടന്നാണ് കാട്ടുപോത്ത് പ്രകോപിതനായി പാഞ്ഞടുത്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേഗം ഓടി മാറിയെങ്കിലും കുട്ടിക്ക് മാറാന്‍ സാധിച്ചില്ല. പൊടിപറപ്പിച്ച് പാഞ്ഞെത്തിയ കാട്ടുപോത്തിന്റെ കണ്ണില്‍പ്പെട്ടതോടെ കുട്ടിയെ കൊമ്പില്‍ കുത്തി വലിച്ചെറിയുകയായിരുന്നു. ഭാഗ്യവശാല്‍ കുഞ്ഞിന് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.