മംഗളൂരു: കത്തിക്കുത്തേറ്റ വിദ്യാര്‍ത്ഥിനിയെ അക്രമിയില്‍ നിന്നും രക്ഷിച്ച മലയാളി നഴ്സിന് കര്‍ണാടക സംസ്ഥാനത്തല ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം. കണ്ണൂര്‍ പയ്യാവൂര്‍ കുളക്കാട്ട് സ്വദേശിയും മംഗളൂരു ദെര്‍ളഗട്ടെ കെ.എസ്.ഹെഗ്ഡെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായ നിമ്മി സ്റ്റീഫനാണ് പുരസ്കാരത്തിന് അര്‍ഹയായത്. ശനിയാഴ്ച ബെംഗളൂരുവില്‍ പുരസ്കാരം സമര്‍പ്പിക്കും.
ജൂണ്‍ 28-ന് കാര്‍ക്കള നിട്ടെ കോളജ് എം.ബി.എ. വിദ്യാര്‍ഥിനിയെ ദര്‍ളഗെട്ടെയില്‍വെച്ച് സുഹൃത്ത് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തിലാണ് യുവതിയെ സുഹൃത്ത് ആക്രമിച്ചത്. 12 തവണ യുവതിയെ കുത്തിയ ഇയാള്‍ സ്വന്തം കഴുത്തിലും മുറിവേല്‍പ്പിച്ചു. അക്രമം തടയാനെത്തിയ നാട്ടുകാരെ കത്തിവീശി വിരട്ടിയോടിച്ചു. ഇതിനിടയിലേക്കാണ് നിമ്മി എത്തി അയാളെ പിടിച്ചുമാറ്റി യുവതിയെ രക്ഷിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്.
കൊലക്കത്തിക്കു മുന്നില്‍നിന്ന് സ്വന്തം ജീവന് മറന്ന് വിദ്യാര്‍ത്ഥിനിയെ രക്ഷിക്കാന്‍ നിമ്മി കാണിച്ച ധീരതയെ മാനിച്ചാണ് പുരസ്കാരം നല്‍കുന്നത്.