തിരുവനന്തപുരം: ദുര്‍മന്ത്രവാദവും കൂടോത്രവും കുറ്റമാക്കുന്ന നിയമത്തിന്റെ കരട് തയ്യാറായി. കരട് നിയമത്തിന് സംസ്ഥാന നിയമപരിഷ്കരണ കമ്മീഷന് രൂപം നല്കി. അന്ധവിശ്വാസത്തിന്റെ പേരില്‍ ശരീരത്തിന് ആപത്തുണ്ടാക്കുന്ന വിധം നടത്തുന്ന ആചാരങ്ങള്‍ കുറ്റകരമാക്കും. ദുര്‍മന്ത്രവാദവും കൂടോത്രവും നടത്തുന്നവര്‍ക്ക് പുതിയ നിയമ പ്രകാരം ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും.
ശരീരത്തിന് ആപത്തുകളുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കമ്മീഷന് കരടുനിയമം തയ്യാറാക്കിയത്. ദുര്‍മന്ത്രവാദം, ചികിത്സാനിഷേധം എന്നിവയില്‍ സംസ്ഥാനത്ത് പലരും കൊല്ലപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.