സിനിമയില്‍ ആഗ്രഹിച്ച തരത്തിലുള്ള വേഷങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ അഭിനയം നിര്‍ത്താന്‍ തോന്നിയെന്ന് പറയുകയാണ് അമല പോള്‍. ആടൈയുടെ ട്രെയ്ലര് ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു താരം.
‘നായികാ പ്രധാന്യമുള്ള വേഷമാണെന്ന് പറഞ്ഞ് പലരും എന്നോട് കഥകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതെല്ലാം കള്ളമാണെന്നാണ് എനിക്ക് തോന്നിയത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പ്രതികാരം കഥ അല്ലെങ്കില്‍ സര്‍വവും ത്യജിക്കുന്ന അമ്മയുടെ ജീവിതം അതുമല്ലെങ്കില്‍ ഭര്‍ത്താവിനെ മതിമറന്നു സ്നേഹിക്കുന്ന ഭാര്യയുടെ വേഷം ഇത്തരത്തിലുള്ള കഥാപാത്രങ്ങളാണ് തേടിയെത്തിയിരുന്നത്. എനിക്ക് അതിലൊന്നും താല്പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ ഞാന്‍ എന്റെ മാനേജരോട് പറഞ്ഞു, ഇനി മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്.
അങ്ങനെ ഇരിക്കുമ്പോഴാണ് ആടൈയുടെ കഥ കേള്‍ക്കുന്നത്. സത്യത്തില്‍ തിരക്കഥ വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. സംവിധായകന് രത്നകുമാര്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ അത് സത്യത്തില്‍ അദ്ദേഹം എഴുതിയതാണെന്ന് പോലും ഞാന്‍ വിശ്വസിച്ചില്ല. ഇത് ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആകുമെന്നാണ് കരുതിയത്.