വളരെ പെട്ടെന്ന് പ്രേഷക മനസ്സില്‍ ഇടം നേടിയ നടിയാണ് അനു സിത്താര. തന്റെ പരിമിതികളെക്കുറിച്ച് തനിക്കറിയാമെന്നും അതുകൊണ്ട് തന്നെ എല്ലാം കഥാപാത്രങ്ങളും ചെയ്യാന്‍ തനിക്ക് സാധിച്ചെന്ന് വരില്ലെന്നും അനു പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം തുറന്നു പറഞ്ഞത്.
പരീക്ഷണ റോളുകള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. പക്ഷേ ചിലപ്പോള്‍ ഞാനതിനോട് നോ പറഞ്ഞേക്കാം. കാരണം ഞാന്‍ ഇനിയും പഠിക്കാനുണ്ട്. എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്യാറുള്ളത്. മിഥുനത്തില് ഉര്‍വ്വശി അവതരിപ്പിച്ചത് പോലുള്ള കഥാപാത്രം ചെയ്യാന്‍ ഇഷ്ടമാണ്.
ഒരു നായിക എന്ന നിലയില്‍ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനി. മാലിനിയെ കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. സംവിധായകന് വിശദീകരിച്ചപ്പോഴാണ് കുറച്ചെങ്കിലും പിടികിട്ടിയത്. ആ ഒരു പേടിയോടെയാണ് ലൊക്കേഷനിലെത്തിയത്. പക്ഷേ എല്ലാവരും എന്നെ പിന്തുണച്ചു അതുകൊണ്ട് തന്നെ മാലിനിയിലേക്ക് പെട്ടെന്നെത്താന്‍ എനിക്ക് സാധിച്ചു.
മമ്മൂട്ടി നായകനായ മാമാങ്കമാണ് അനുവിന്റെ അടുത്ത സിനിമ. ചരിത്ര സിനിമകള്‍ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ മാമാങ്കത്തിലെ അവസരം നഷ്ടപ്പെടുത്താന്‍ തോന്നിയില്ല. ഞാനും സിനിമക്കായി കാത്തിരിക്കുകയാണ്- അനു പറഞ്ഞു.