ചെങ്ങന്നൂര്‍: തമിഴ്നാട് സ്വദേശിയായ ആക്രിക്കച്ചവടക്കാരനെ കൊന്നത് സഹോദരിയും ഭര്‍ത്താവും ചേര്‍ന്നെന്ന് പോലീസ്. ശിവകാശി കണ്ണാങ്കി കോളനി വിതുര്‍ നഗറില്‍ ഡോര്‍ നമ്പര്‍ 55-ല്‍ മൈക്കിള്‍രാജ് ആണു തിങ്കളാഴ്ച മരിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത ഇയാളുടെ സഹോദരി കസ്തൂരിയെ കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ രണ്ടാം പ്രതിയാണ് ഇവര്‍. ഭര്‍ത്താവും ഒന്നാം പ്രതിയുമായ വെള്ളദുരൈ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കുവേണ്ടി ചെങ്ങന്നൂരിലും ഓച്ചിറയിലും പോലീസ് തിരച്ചില്‍ ശക്തമാക്കി. മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരനായിരുന്നു മൈക്കിളെന്ന് പോലീസ് പറഞ്ഞു
. ബാധ്യതയാകുമെന്നു കരുതി ഒഴിവാക്കാനാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മാല മോഷണസംഘത്തില്‍ ഉള്‍പ്പെട്ട കസ്തൂരിക്കെതിരേ വിവിധ സ്ഥലങ്ങളില്‍ കേസുകള്‍ നിലവിലുണ്ട്. തുടരന്വേഷണത്തിനായി കേസ് ഓച്ചിറ പോലീസിനു കൈമാറി.