ചെയര്മാന് സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. ചെയര്മാന് സ്ഥാനത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന നിലപാടിലാണ് ഇരു പക്ഷവും. ജോസ് കെ മാണി വിഭാഗം വിളിച്ച് ചേര്‍ക്കുന്ന സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും. ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിലാണു യോഗം ചേരുന്നത്.
അതേസമയം, കേരള കോണ്‍ഗ്രസ്-എമ്മിലെ പിളപ്പ് ഒഴിവാക്കാന്‍ കോണ്‍ഗ്രസിന്റെ അവസാനവട്ട ശ്രമങ്ങള്‍ തുടരുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ പി.ജെ. ജോസഫുമായും ജോസ് കെ. മാണിയുമായും ഫോണില്‍ സംസാരിച്ചു.
ജോസ് കെ മാണി വിഭാഗം വിളിച്ച് ചേര്‍ക്കുന്ന സംസ്ഥാന കമ്മിറ്റി ഇന്ന് ചേരാനിരിക്കെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പി ജെ ജോസഫ് ഇ-മെയില്‍ അയച്ചിരുന്നു. ചെയര്‍മാന്റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്ന് ജോസഫ് ഇ-മെയിലില്‍ പറഞ്ഞു. ക്ഷണമുണ്ടായാലും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജോസഫ് നേരത്തെ പറഞ്ഞിരുന്നു.