ഓക്ലഹോമ: പതിനൊന്നുവയസ്സുള്ള മകളെ കുത്തികൊലപ്പെടുത്തിയ ഓക്ലഹോമയില്‍ നിന്നുള്ള മാതാവ് തഹീറാ അഹമ്മദിനെ (39) ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അമ്പതിലധികം തവണയാണ് മകളുടെ ശരീരത്തില്‍ കത്തികൊണ്ട് ഇവര്‍ കുത്തിത്. തുള്‍സാ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ വകുപ്പുകളായി ഇവര്‍ക്കെതിരെ ചുമത്തിയ കേസുകളില്‍ തുടര്‍ച്ചയായ മൂന്നു ജീവപര്യന്തവും കൂടാതെ 10 വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചു. ഏപ്രില്‍ 19ന് ഇവര്‍ കുറ്റക്കാരിയാണെന്ന് ജൂറി വിധിയെഴുതിയിരുന്നു.
വീടിനകത്തെ അടുക്കള തൂണില്‍ കുട്ടിയെ ബന്ധിച്ച് നിരവധി തവണ കുത്തികയും പിന്നീട് തലയില്‍ മാരകായുധമുപയോഗിച്ച് അടിക്കുകയും ചെയ്തു. മരണം ഉറപ്പാക്കുന്നതിന് വീടിന്റെ അടുക്കളയ്ക്ക് തീയിട്ടു. അതിനുശേഷം തഹീറാ വീട്ടില്‍ നിന്നും എട്ട് വയസ്സുള്ള കുട്ടിയെയും കൂട്ടി രക്ഷപ്പെട്ടു. പിറ്റേ ദിവസം തന്നെ ഇവരെ പൊലീസ് പിടികൂടി.
പതിനൊന്നുവയസ്സുള്ള കുട്ടിയുടെ നോട്ടവും പെരുമാറ്റവും ഇഷ്ടപ്പെടാതിരുന്നതാണ് തന്നെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് ഇവര്‍ സമ്മതിച്ചു.