Kerala

പ്രളയം തകര്‍ത്ത ശാരിയുടെ കുടുംബത്തിന് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം നടന്നു

തൃശൂര്‍: ഒരാള്‍ക്ക് മറ്റൊരാളെ സഹായിക്കാന്‍ കാരണങ്ങള്‍ തേടുന്നവര്‍ക്ക് മുമ്പില്‍ മാതൃകയാവുകയായിരുന്നു അഡ്വ. കെആര്‍ സുമേഷ്, അനില്‍ തോമസ് ഊക്കന്‍ എന്നിവര്‍. പ്രളയം തകര്‍ത്തെറിഞ്ഞ ശാരിയുടെ കുടുംബത്തിന് വീട് നിര്‍മ്മിക്കുന്ന പ്രവര്‍ത്തനത്തിലാണ് ഇവര്‍ നാടിന് മാതൃകയായത്.

പുറമ്പോക്കില്‍ താമസിച്ചിരുന്ന നാല് കുട്ടികളും അമ്മയും അനിയനും അടങ്ങുന്ന കുടുംബത്തെ ക്യാമ്പില്‍ നിന്ന് മാറ്റിത്താമസിക്കാനാവാതെ അധികാരികള്‍ നിസ്സഹയാരായി നിന്നപ്പോള്‍ ജില്ല പഞ്ചായത്ത് മെംമ്പറായ സുമേഷ് അവര്‍ക്കൊരു വീട് നിര്‍മ്മിച്ച് നല്‍കാന്‍ മുന്‍കൈ എടുക്കുകയായിരുന്നു.

റേഷന്‍ കാര്‍ഡോ അനുബന്ധ മറ്റ് രേഖകളോ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ കൈമലര്‍ത്തി. സാഹചര്യം മനസ്സിലാക്കിയ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ സ്ഥലം ലഭ്യമാക്കിയാല്‍ സഹായിക്കാന്‍ തയ്യാറായി. സ്ഥലം കണ്ടെത്താനുള്ള നെട്ടോട്ടം എത്തിച്ചേര്‍ന്നത് അനില്‍ ഊക്കന്റെ മുന്നില്‍. അദ്ദേഹം രണ്ടര സെന്റ് സ്ഥലം നല്‍കി.

അങ്ങനെ മാള വേളൂക്കര പഞ്ചായത്തില്‍ സ്വമനസ്സായ നിരവധി ആളുകളുടെ സഹായത്താല്‍ ചുരുങ്ങിയ ദിനം കൊണ്ട് വീട് നിര്‍മ്മാണം പൂര്‍ത്തിയായി.

വീടിന്റെ താക്കോല്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി പി ജോസ് ശാരിക്ക് കൈമാറി. 250 വീടുകള്‍ വെച്ച് കൊടുക്കുന്ന യഞ്ജമായ ജോയ് ഹോം പദ്ധതിയുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധിയാളുകളെ കാണാനായെങ്കിലും സുമേഷിനെയും അനിലിനെയും പോലുള്ളവരെ നാട് തന്നെ മാതൃകയാക്കണമെന്ന് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി പി ജോസ് അഭിപ്രായപ്പെട്ടു.

ജോയ് ആലൂക്കാസ് ഫൗണ്ടേഷന്റെ കൃത്യമായ ഫണ്ടിങ്ങും നാട്ടുകാരുടെയും കൂട്ടുകാരുടെയും സഹായസഹകരണങ്ങള്‍ക്കും താക്കോല്‍ ദാന ചടങ്ങില്‍ സുമേഷ് നന്ദിയും അറിയിച്ചു.

പണിതീര്‍ന്ന വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ വീട്ടുകാരും ബന്ധുക്കളുമുള്‍പ്പെടെ പങ്കെടുത്തു.

ജോയ് ആലുക്കാസ് അങ്കമാലി ഷോറൂം മാനേജര്‍ മനോജ് സക്കറിയ, മറ്റ് സ്റ്റാഫുകള്‍, വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍, കാടുകൂടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത്ത്, വാര്‍ഡ് മെമ്പര്‍ മനോജ് എന്നിവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top