കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരം പുകയാല്‍ നിറഞ്ഞു. അമ്പലമുകള്‍ മുതല്‍ പടിഞ്ഞാറ് ഭാഗത്തേക്ക് മറൈന്‍ ഡ്രൈവ് വരെ പുക മൂടിയ നിലയിലാണ്. പരിസര പ്രദേശങ്ങളില്‍ പുകവ്യാപിച്ചു. ആളുകള്‍ക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്.
ബ്രഹ്മപുരത്ത് ഇന്നലെ വൈകിട്ട് ഉണ്ടായ തീപിടിത്തം ഇതുവരെ അണയ്ക്കാനായിട്ടില്ല. തീ നിയന്ത്രണവിധേയമാണ്. തീ പൂര്‍ണമായി അണയ്ക്കാനുളള ശ്രമം ഫയര്‍ ഫോഴ്സ് തുടരുന്നു.
കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം നാലുവട്ടം ഇങ്ങനെ മാലിന്യക്കൂനകള്‍ക്ക് മേല്‍ തീ പടര്‍ന്നു. ഇത്തവണത്തേത് ആകട്ടെ അടുത്ത കാലത്ത് ഉണ്ടായത്തില്‍ ഏറ്റവും വലുതുമായിരുന്നു.
അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സംശയിക്കുന്നതായി മേയര്‍ സൗമിനി ജെയിന് പ്രതികരിച്ചു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പൊലീസിനും കോര്പ്പറേഷന് പരാതി നല്‍കും. തീപ്പിടുത്തം ഇനിയും ആവര്‍ത്തിച്ചാല്‍ ബ്രഹ്മപുരത്തെ മാലിന്യശേഖരണം തടയുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.