Breaking News

മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയും അടിയന്തരാവസ്ഥക്കാലത്തെ വിപ്ലവ നേതാവും ദേശീയ ജനാധിപത്യ മുന്നണിയുടെ ശില്‍പിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം. 88 വയസായിരുന്നു.

അല്‍ഷിമേഴ്സും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച അദേഹം ഏറെക്കാലമായി ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണ വാര്‍ത്ത കുടുംബം സ്ഥിരീകരിച്ചത്. വിദേശത്തായിരിക്കുന്ന മകന്‍ ഷോണ്‍ ഫെര്‍ണാണ്ടസ് എത്തിയശേഷമായിരിക്കും സംസ്‌കാരം.

വാജ്‌പേയി സര്‍ക്കാറിലെ പ്രതിരോധമന്ത്രിയായിരുന്നു ജോര്‍ജ് മാത്യു ഫെര്‍ണാണ്ടസ്. 1967 ലാണ് ആദ്യമായി അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിരവധി തവണ കേന്ദ്രമന്ത്രി പദവി അലങ്കരിച്ചു. വാര്‍ത്താ വിനിമയം, വ്യവസായം, റെയില്‍വെ എന്നീ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

ഇന്ദിര ഗാന്ധിയെപ്പോലും വിറപ്പിച്ച തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രേഡ് യൂണിയന്‍ നേതാവ്, അടിയന്തിരാവസ്ഥയിലെ പൗരാവകാശ നിഷേധങ്ങള്‍ക്കെതിരെ നിര്‍ഭയം പോരാടിയ തീവ്രസോഷ്യലിസ്റ്റ്, ആര്‍എസ്എസിനോട് മൃദുസമീപനം പുലര്‍ത്തിയതിന് ജനതാ പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയ മതേതരവാദി എന്നിങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ ഉയര്‍ന്നുകേട്ട പേരായിരുന്നു ഫെര്‍ണാണ്ടസിന്റേത്. സമതാ പാര്‍ട്ടി സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.

എന്‍.ഡി.എ കണ്‍വീനര്‍ ആയിരുന്നുകൊണ്ട് വിവിധ പാര്‍ട്ടികളെ എ.ബി വാജ്‌പേയി സര്‍ക്കാരിനൊപ്പം ചേര്‍ത്ത് നിര്‍ത്തുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രിയായിരിക്കെയാണ് കാര്‍ഖില്‍ യുദ്ധത്തിലെ ഇന്ത്യയുടെ വിജയം.

ഒടുവില്‍, ബിജെപി പാളയത്തിലേക്ക് ചേക്കേറിയ അദ്ദേഹം ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ശില്‍പിയും കണ്‍വീനറുമായി മാറി.
കേന്ദ്രമന്ത്രിയായിരുന്ന ഹുമയൂണ്‍ കബീറിന്റെ മകള്‍ ലൈല കബീര്‍ ആണ് ഭാര്യ. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ ഭാര്യാ സഹോദരനാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top