കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനുള്ള ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഇന്നെത്തും. 4 വാഹനങ്ങളാണ് എത്തുന്നത്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം പരീക്ഷണാര്‍ഥം ഹെലികോപ്റ്റര്‍ ആശ്രാമം മൈതാനത്തിലെ ഹെലിപ്പാഡില്‍ ഇറക്കും. നാളെ ഉച്ച കഴിഞ്ഞ് വാഹനങ്ങളുടെ ട്രയല്‍ റണ്‍ നടത്തും. കൊച്ചുവേളിയില്‍ ട്രെയിന്‍ മാര്‍ഗം എത്തുന്ന കാറുകള്‍ അവിടെ നിന്നു കൊല്ലത്ത് എത്തിക്കും.
പ്രധാനമന്ത്രിയുടെ സുരക്ഷാ സേനയിലെ ഐജി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ എത്തി കഴിഞ്ഞു. ബൈപാസ് ഉദ്ഘാടന വേദിയായ ആശ്രാമം മൈതാനവും ബിജെപി റാലി നടക്കുന്ന കന്റോണ്‍മെന്റ് മൈതാനവും സന്ദര്‍ശിച്ചു സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. കലക്ടര്‍ ഡോ.എസ്.കാര്ത്തികേയന്, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും സുരക്ഷാ സേനയിലെ ഉന്നതരും പങ്കെടുത്ത യോഗം നടന്നു.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഡിജിപി തലത്തിലുള്ള യോഗം നടന്നിരുന്നു. ബൈപാസ് ഉദ്ഘാടനത്തിന് ആശ്രാമം മൈതാനത്തു പ്രത്യേകം വേദി നിര്‍മിക്കും. 2 ചടങ്ങുകളിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി 7നു തിരുവനന്തപുരത്തേക്കു മടങ്ങും. ഹെലികോപ്റ്റര്‍ രാത്രി പറന്നുയരുന്നതിന് ആവശ്യമായ വെളിച്ചസംവിധാനം മൈതാനത്ത് ക്രമീകരിക്കും.