മലയാളസിനിമ വ്യവസായം 2018ല്‍ ഒറ്റപ്പെട്ട ചില വിജയങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. മൊത്തം 156 സിനിമകളാണ് 2018ല്‍ റിലീസ് ചെയ്‌തെന്നാണ് ട്രേഡ് സര്‍ക്കിളില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതില്‍ 80 ശതമാനവും വമ്പന്‍ പരാജയമായിരുന്നു. മലയാള സിനിമ വ്യവസായികള്‍ക്ക് നഷ്ടപ്പെട്ടത് 370 കോടി രൂപയാണ്.
കൂടുതല്‍ പ്രേക്ഷകര്‍ നല്ല സിനിമയ്ക്ക് പിന്‍തുണ നല്‍കുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയമായ കാര്യം. 2018ല്‍ വിജയം നേടാന്‍ കഴിയാഞ്ഞത് 129 സിനിമകളാണ്. പുതിയ നിര്‍മ്മാതാക്കള്‍ ഈയാംപാറ്റകളെ പോലെ മലയാള സിനിമാ രംഗത്തേക്ക് ഇപ്പോള്‍ കടന്നുവരുന്നുണ്ട്. ഈ മേഖലയെകുറിച്ച് പരിമിതമായ അറിവ് മാത്രമാണ് സിനിമയെടുക്കാന്‍ വരുന്ന പല സിനിമാസംരംഭകര്‍ക്കും ഉള്ളത്.
പത്ത് സിനിമകള്‍ മാത്രമാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചത്. മമ്മൂട്ടി നായകനായെത്തിയ എബ്രഹാമിന്റെ സന്തതികളാണ് കുറഞ്ഞ മുതല്‍ മുടക്കില്‍ കോടികള്‍ തിരിച്ചെടുത്തത്.
ക്വീന്‍, ആദി, ക്യാപ്റ്റന്‍, സുഡാനി ഫ്രം നൈജീരിയ, തുടങ്ങിയ ചിത്രങ്ങളുടെ വ്യാപാര വിജയം ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. കോടി ക്ലബ്ബില്‍ ഇടം നേടിയെന്ന് അവകാശപ്പെടുന്ന ചില ചിത്രങ്ങളുടെ ഗ്രോസ് കളക്ഷന്‍ യഥാര്‍ത്ഥത്തില്‍ ദയനീയമാണ്. അടുത്തിടെ ഇറങ്ങിയ വരത്തന്‍, അങ്കിള്‍, കായംകുളം കൊച്ചുണ്ണി, ഒരു കുപ്രസിദ്ധ പയ്യന്‍, ഒടിയന്‍, എന്റെ ഉമ്മാന്റെ പേര്, ഞാന്‍ പ്രകാശന്‍ തുടങ്ങിയ ചിത്രങ്ങളും ബോക്‌സോഫീസില്‍ വിജയിച്ച ചിത്രങ്ങളാണ്.