Kerala

765 കിലോമീറ്ററില്‍ ലക്ഷക്കണക്കിനു ഭക്തര്‍ അയ്യപ്പജ്യോതി തെളിച്ചു

തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ശബരിമല കര്‍മസമിതിയുടെയും വിവിധ ഹിന്ദുസംഘടനകളുടേയും നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ അയ്യപ്പജ്യോതി തെളിച്ചു. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടന്ന പരിപാടിയില്‍ 765 കിലോമീറ്ററില്‍ ലക്ഷക്കണക്കിനു ഭക്തര്‍ അണിനിരന്നതായി സംഘാടകര്‍ അവകാശപ്പെട്ടു. തെക്കന്‍ജില്ലകളില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിച്ചാണ് അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. ശബരിമലയിലെ യുവതീപ്രവേശത്തിനും സര്‍ക്കാര്‍ നിലപാടിനുമെതിരെ സമരം ചെയ്യുന്ന ശബരിമല കര്‍മസമിതിയായിരുന്നു പരിപാടിയുടെ സംഘാടകര്‍. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ വനിതാ മതില്‍ പ്രഖ്യാപിച്ചതിനു ബദലായാണ് അയ്യപ്പജ്യോതിക്കു തീരുമാനമായത്.ഇതിനു ബിജെപി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വനിതാ മതിലിനെ വര്‍ഗീയ മതിലെന്നു വിശേഷിപ്പിച്ച എന്‍എസ്എസ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുമെന്ന നിലപാടെടുത്തു.

കാസര്‍കോട്ടെ ഹൊസങ്കടി ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍ നിന്നു തുടങ്ങി കളിയിക്കാവിളയില്‍നിന്നു തമിഴ്‌നാട്ടിലേക്കു കടക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. അങ്കമാലി വരെ ദേശീയപാതയിലും അതിനുശേഷം എംസി റോഡിലുമാണ് ജ്യോതി തെളിച്ചത്. അയ്യപ്പ ജ്യോതി തെളിച്ച സമയത്തു തന്നെ പതിവു പോലെ മന്നംസമാധിയില്‍ വിളക്കു തെളിച്ചു. എല്ലാ ദിവസവും സുകുമാരന്‍ നായര്‍ തന്നെയാണ് വൈകിട്ടു വിളക്കു തെളിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍, നടിമാരായ മേനകാ സുരേഷ്, ജലജ എന്നിവര്‍ അയ്യപ്പജ്യോതിയില്‍ അണിനിരന്നു. ചങ്ങനാശ്ശേരിയില്‍ എന്‍.എസ്.എസ്സിന്റെ പിന്തുണ വ്യക്തമാക്കുന്നതായിരുന്നു ജനപങ്കാളിത്തം.

ശബരിമലപ്രശ്‌നം ഉയര്‍ത്തി ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമര വേദി കേന്ദ്രീകരിച്ചായിരുന്നു അയ്യപ്പജ്യോതി തെളിയിക്കാനായി നൂറുകണക്കിനുപേര്‍ അണിനിരന്നത്. ബിജെപി സംസ്ഥാന അധ്യഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, ഒ.രാജഗോപാല്‍, നിരാഹാര സമരത്തിലുള്ള ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ദീപം തെളിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top