Latest News

കാര്‍ഷിക വിളകള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളായി മാറ്റണം ; കൃഷി മന്ത്രി സുനില്‍ കുമാര്‍

കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് മൂല്യവര്‍ധന നല്‍കുവാന്‍ വ്യവസായികള്‍ സഹകരിക്കണമെന്ന് കൃഷി മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രി കേരള ഘടകം സംഘടിപ്പിക്കുന്ന ഫുഡ് സമ്മിറ്റ് ആന്റ് ഫുഡ് എക്‌സ്‌പോ കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുന്ന വേളയിലാണ് മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങളുടെ വര്‍ധിച്ച ഡിമാന്റിനെക്കുറിച്ച് പരാമര്‍ശിച്ചത്.

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന തേന്‍, വട്ടവടയിലെ വെളുത്തുള്ളി, വയനാട്ടിലെ ജീരകശാല, ഗന്ധകശാല അരി, നാളികേരം, ഞവര അരി, പൊക്കാളി അരി, തിരൂര്‍ വെറ്റില, ചെങ്ങലക്കോടന്‍ നേന്ത്രവാഴപ്പഴം തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ ജിഐ രജിസ്‌ട്രേഷന്‍ നേടാനുള്ള വിവിധ ഘട്ടങ്ങളിലാണ്. കേരളത്തിന്റെ ഇത്തരം ഉത്പന്നങ്ങള്‍ക്ക് ഗുണമേന്മയിലും രുചിയിലും ഏറെ പ്രത്യേകതകളുണ്ടെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. കേരളത്തിലെ 14ഓളം കാര്‍ഷിക വിളകള്‍ക്ക് ജിഐ രജിസ്‌ട്രേഷന്‍ നേടാനുള്ള പരിശ്രമത്തിലാണ്. ഈ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ നമ്മുടെ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.

ഈ മാസം 21ന് മാവേലിക്കരയില്‍ 1 കോടി മുതല്‍ മുടക്കി തേന്‍ പാര്‍ക്ക് നിലവില്‍ വരുമെന്ന് സുനില്‍ കുമാര്‍ കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു. കര്‍കര്‍ ഉത്പാദിപ്പിക്കുന്ന തേനിനു വിപണി ലഭിക്കാനും ആകര്‍ഷകമായ പാക്കിംഗിനും ഗുണനിലവാര സംവിധാനത്തിനുള്ള നൂതന യന്ത്രോപകരണങ്ങള്‍ ലഭിക്കുന്നതിനും തേന്‍ പാര്‍ക്കില്‍ എല്ലാവിധ സജ്ജീകരണവുമുണ്ടായിരിക്കും. ഹോട്ടി കോര്‍പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ തേന്‍ പാര്‍ക്കില്‍ പ്രതിമാസം 50 ടണ്‍ തേന്‍ ഉത്പാദിപ്പിച്ച് വിപണനം ചെയ്യാനുള്ള സൗകര്യമുണ്ട്. അസംഘടിതരായ തേനീച്ചവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് മൂല്യവര്‍ധിത തേന്‍ ഉത്പാദിപ്പിക്കാനുള്ള സൗകര്യമാണ് തേന്‍ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തൃശൂര്‍ കേന്ദ്രമാക്കി നേന്ത്രവാഴപ്പഴം, തേന്‍ എന്നിവയുടെ പുതിയൊരു സംസ്‌കാര യൂണിറ്റും താമസിയാതെ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ സിഐഐ കേരള ഘടകം ചെയര്‍മാന്‍ സജി കുമാര്‍, നവാസ് മീരാന്‍, എംപിഇഡിഎ ചെയര്‍മാന്‍ കെഎസ് ശ്രീനിവാസ് , വിനോദ് മഞ്ഞില എന്നിവര്‍ പങ്കെടുത്തു. ഫുഡ് സമ്മിറ്റിനോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പന്ന കമ്പനികളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എക്‌സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. ഫുഡ് സമ്മിറ്റ് നാളെ അവസാനിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top