ഓഹരി വിപണിയില്‍ നേട്ടത്തിന്റെ തിളക്കവുമായാണ് തിങ്കളാഴ്ച വ്യാപാരമവസാനിച്ചത്. സെന്‍സെക്സ് 307.14 പോയിന്റ് വര്‍ധിച്ച് 36,270.7ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 82.90 പോയിന്റ് ഉയര്‍ന്ന് 10,888.35ലാണ് വ്യാപാരമവസാനിച്ചത്.
മെറ്റല്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എംസിജി കമ്പനികളുടെ ഓഹരികള്‍ക്കാണ് ഇന്ന് പ്രധാനമായും വില ഉയര്‍ന്നത്.
ടാറ്റാ മോട്ടോര്‍സ്, പവര്‍ ഗ്രിഡ് കോര്പറേഷന്, എച്ച്ഡിഎഫ്സി എന്നീ ഓഹരികള്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വച്ചു.
നിഫ്റ്റി മെറ്റല്‍ സൂചിക 2.02 ശതമാനം ഉയര്‍ന്നു. വേദാന്ത ഓഹരികളുടെ വില 1.9 ശതമാനം വര്‍ധിച്ചു. കമ്പനിയുടെ കോയമ്പത്തൂരിലെ കോപ്പര്‍ സ്മെല്‍റ്റര്‍ പ്ലാന്റ് മൂന്നാഴ്ചയ്ക്കകം തുറന്ന് പ്രവര്‍ത്തിക്കണമെന്ന തമിഴ്നാട് കോടതിയുടെ വിധിയാണ് കമ്പനിക്ക് തുണയായത്.
ആഗോള വിപണി ദുര്‍ബലമായിരുന്നുവെങ്കിലും ക്രൂഡ് ഓയിലിന്റെ വില സ്ഥിരമായതും ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നതും ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് കരുത്തായിട്ടുണ്ട്.
മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് ഓഹരി വൃത്തങ്ങള്‍ സൂക്ഷ്മതയോടെയാണ് വിലയിരുത്തുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുതിയൊരു പ്രതിപക്ഷ നിര രൂപപ്പെട്ടുവരുമെന്ന് നിക്ഷേപകര്‍ കരുതുന്നു. ഇങ്ങനെ വന്നാല്‍ കേന്ദ്രത്തില്‍ ഒരു അധികാര മാറ്റം ഉണ്ടാവാനുള്ള സാധ്യതയും നിക്ഷേപകര്‍ മുന്നില്‍ കാണുന്നുണ്ട്.