Kerala

ബിനാലെ തുടങ്ങി, ആദ്യ വാരാന്ത്യം വേദികളില്‍ വന്‍ തിരക്ക്

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം തുടങ്ങിയ ശേഷമുള്ള ആദ്യ വാരാന്ത്യത്തില്‍ എല്ലാ വേദികളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. സിനിമാതാരങ്ങള്‍, നയതന്ത്ര പ്രതിനിധികള്‍, വിദേശികളും സ്വദേശികളുമായ കലാകാരന്‍മാര്‍ എന്നിവര്‍ക്കു പുറമെ പൊതുജനങ്ങള്‍ വലിയ തോതില്‍ എത്തിയത് കൊച്ചി ബിനാലെയുടെ ജനകീയ മുഖമാണ് കാണിച്ചു തരുന്നത്.

ബിനാലെ പ്രദര്‍ശനങ്ങള്‍ ചിന്തോദ്ദീപങ്ങളും താത്പര്യജനകവുമാണെന്ന് ഇന്ത്യയിലെ നിയുക്ത ബ്രസീലിയന്‍ അമ്പാസിഡര്‍ ആന്ദ്രെ അരാഞ്ഞോ കോറെയ ഡോ ലാഗോ പറഞ്ഞു. പ്രദര്‍ശനങ്ങളില്‍ തന്നെ ഏറ്റവുമധികം സ്വാധീനിച്ചത് ദക്ഷിണാഫ്രിക്കന്‍ ആര്‍ട്ടിസ്റ്റായ സ്യൂ വില്യംസന്റെ ആഫ്രിക്കയില്‍ നിന്നുള്ള അടിമക്കച്ചവടം പ്രമേയമാക്കിയ മെസേജസ് ഫ്രം ദി അറ്റലാന്റിക് പാസേജ് എന്ന പ്രതിഷ്ഠാപനമാണെന്നും ബ്രസീലിലും ആഫ്രിക്കന്‍ അടിമകളെ വന്‍തോതില്‍ കപ്പലുകളിലായി എത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ബിനാലെയില്‍ ബ്രസീലിയന്‍ ആര്‍ട്ടിസ്റ്റിനെ കാണാനായതില്‍ അതീവ സന്തോഷവാന്‍ കൂടിയാണ് ആന്ദ്രെ. കോളോണിയലിസത്തിന്റെ കെടുതികളെക്കുറിച്ച് കൊതുകളുടെ മൂളല്‍ പ്രമേയമാക്കിയാണ് ബ്രസീലിയന്‍ ആര്‍ട്ടിസ്റ്റ് വിവിയന്‍ കക്കൂരിയുടെ സൃഷ്ടി.

മലയാളി ആര്‍ട്ടിസ്റ്റ് വിപിന്‍ ധനുര്‍ധരന്റെ പന്തിഭോജനമെന്ന കലാപ്രമേയമാണ് തനിക്ക് ഏറ്റവുമിഷ്ടപ്പെട്ടതെന്ന് പാലാരിവട്ടം സ്വദേശിനിയായ ദീപ രാജീവ് പറഞ്ഞു. ആര്‍ക്കും വന്ന് പാചകം ചെയ്യാവുന്ന തുറന്ന അടുക്കളയെന്നത് വലിയൊരു കാഴ്ചപ്പാടാണെന്നും ദീപ പറഞ്ഞു.

ലോകവുമായി സംവദിക്കാനുള്ള ഏറ്റവും പറ്റിയ വേദിയാണ് കൊച്ചി ബിനാലെയെന്ന് പ്രശസ്ത തെന്നിന്ത്യന്‍ അഭിനേത്രി ശ്രിയ ശരണ്‍ പറഞ്ഞു. ശാംഭവിയുടെയും വാലി എക്‌സ്‌പോര്‍ട്ടിന്റെയും സൃഷ്ടികള്‍ ഏറെ ആസ്വദിച്ചുവെന്നും അവര്‍ പറഞ്ഞു.

ആസ്‌ത്രേലിയ, ഇന്ത്യ എന്നീ കോളനികളുടെ സമാന്തര ചരിത്രം ചികയാന്‍ കൊച്ചി ബിനാലെ സഹായിച്ചെന്ന് ബിനാലെ ഓഫ് സിഡ്‌നിയുടെ ഡയറക്ടറും സിഇഒയുമായ ജോ ആനി ബെര്‍ണി ഡാന്‍സ്‌കര്‍ അഭിപ്രായപ്പെട്ടു. കൊളോണിയല്‍ ശേഷിപ്പുകളും പ്രത്യാഘാതങ്ങളും ബിനാലെയില്‍ ഭംഗിയായി അവതരിപ്പിച്ചുവെന്ന് അവര്‍ നിരീക്ഷിച്ചു. കലാസൃഷ്ടികളിലെ വിവിധ തലങ്ങളിലുള്ള അര്‍ത്ഥാന്തരങ്ങള്‍ തേടുന്ന സമകാലീന കലാസ്വാദകന് ലോകത്തേറ്റവും പറ്റിയ ഇടമാണ് കൊച്ചി ബിനാലെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരമുള്ളതാണ് കൊച്ചി ബിനാലെയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അനിത പ്രതാപ് പറഞ്ഞു. കാലികമായ ക്യൂറേറ്റര്‍ പ്രമേയമാണ് അന്യതയില്‍ നിന്നും അന്യോന്യതയിലേക്ക് എന്നത്. തത്വചിന്ത, പ്രതികരണശേഷി, സൗന്ദര്യാത്മകത, എന്നിവ ഒത്തു ചേര്‍ന്നതാണ് ബിനാലെ നാലാം ലക്കത്തിലെ സൃഷ്ടികള്‍. രാഷ്ട്രീയവും സാമൂഹ്യവുമായ എല്ലാ വിഷങ്ങളെയും ഈ ബിനാലെ നോക്കിക്കാണുന്നുവെന്നും അവര്‍ പറഞ്ഞു.

ബിനാലെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ആര്‍ ആര്യകൃഷ്ണന്‍ ഒരുക്കിയ ഭിന്നലിംഗക്കാരുടെ അവകാശം പ്രമേയമാക്കിയ സൃഷ്ടിയാണ് അമേരിക്കയില്‍ ജോലി ചെയ്യുന്ന ആലുവ സ്വദേശി കെ റോബിന് ഇഷ്ടപ്പെട്ടത്. ആര്യകൃഷ്ണന്റെ പ്രകടനത്തില്‍ സ്തബ്ധനായി പോയി. ഭിന്നലിംഗക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ മനസിലാക്കാന്‍ ഇതിലൂടെ സാധിച്ചുവെന്നും റോബിന്‍ പറഞ്ഞു.

പ്രളയം കഴിഞ്ഞ് നാലു മാസത്തിനുള്ളില്‍ ജനങ്ങള്‍ ബിനാലെ കാണാനെത്തുന്നതിനെ പ്രശംസിക്കുകയാണ് പ്രമുഖ നാടകപ്രവര്‍ത്തക അനാമിക ഹസ്‌കര്‍. ബിനാലെ മൂന്നാം ലക്കത്തിലെ പങ്കാളിത്ത കലാകാരിയായിരുന്നു അവര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top