Kerala

തട്ടേക്കാട് പക്ഷിസങ്കേതത്തിലെത്തുന്ന ദേശാടനക്കിളികളുടെ എണ്ണം ഗണ്യമായി കുറയുന്നു

പ്രളയത്തിന് ശേഷം തട്ടേക്കാട് പക്ഷി സങ്കേതം പൂര്‍വസ്ഥിതിയിലേക്കെത്തിയെങ്കിലും ദേശാടനക്കിളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. പ്രളയം മൂലം ആവാസ വ്യവസ്ഥ നശിച്ചതും, ജലദൗര്‍ലഭ്യതയുമാണ് ദേശാടനക്കാരായ ജലപ്പക്ഷികളെ തട്ടേക്കാട് നിന്ന് അകറ്റുന്നത്.

പ്രളയത്തിന് ശേഷം തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിച്ചെങ്കിലും ജലപ്പക്ഷികളായ ദേശാടനക്കിളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിരിക്കുകയാണ്. ദേശാടനക്കാരായ മറ്റ് പക്ഷികള്‍ ധാരാളമായി തട്ടേക്കാട് എത്തുന്നുണ്ടെങ്കിലും ജലപക്ഷികളുടെ എണ്ണത്തിലാണ് കുറവ് വന്നിരിക്കുന്നത്. പ്രളയം മൂലം ആവാസ വ്യവസ്ഥ നശിച്ചതും, ജലദൗര്‍ലഭ്യതയുമാണ് ദേശാടനക്കാരായ ജലപ്പക്ഷികളെ തട്ടേക്കാട് നിന്ന് അകറ്റുന്നതെന്നാണ് വിലയിരുത്തല്‍.

പ്രളയത്തിനു ശേഷം താറുമാറായിക്കിടന്നിരുന്ന തട്ടേക്കാട് പക്ഷിസങ്കേതം ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പക്ഷികളുടെ പറുദീസയായ തട്ടേക്കാട് ഡോ. സലിം അലി പക്ഷി സങ്കേതത്തിലേക്ക് പതിവിലുമധികം വിനോദസഞ്ചാരികളും, ഗവേഷകരുമാണ് ഇത്തവണ എത്തുന്നത്. എന്നാല്‍ ദേശാടനക്കാരായ ജലപ്പക്ഷികള്‍ തട്ടേക്കാടിനോട് വിമുഖത കാണിക്കുന്നത് തട്ടേക്കാടിന്റെ പഴയ പ്രതാപത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.

പ്രളയത്തിന് ശേഷം ജലാശയങ്ങളില്‍ എക്കലും, മണ്ണും, മണലും നിറഞ്ഞത് മൂലം ദേശാടനക്കിളികളുടെ ആവാസ വ്യവസ്ഥക്ക് കോട്ടം സംഭവിക്കുകയായിരുന്നു. മാത്രമല്ല ഭൂതത്താന്‍കെട്ട് ഡാം ഈ സീസണുകളില്‍ തുറന്നു വിടുന്നതുമൂലം ജലാശയങ്ങള്‍ വറ്റിവരണ്ടതും ദേശാടനക്കിളികള്‍ക്ക് ദോഷകരമായി . ഇതു മൂലം പക്ഷികള്‍ക്ക് ഭക്ഷ്യ ലഭ്യത കുറയുകയും ദേശാടനക്കിളികള്‍ തമ്പടിക്കാതെ മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പാര്‍ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.

ജലപ്പക്ഷികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും വനപ്പക്ഷികള്‍ വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആവശ്യത്തിന് മഴ ലഭിച്ചതു മൂലം വനവിഭങ്ങള്‍ ധാരാളമായുണ്ടായത് വനപ്പക്ഷികള്‍ക്ക് ഗുണകരമായി. അതേസമയം പക്ഷികളുടെ വരവ് ഇതേപടി കുറഞ്ഞുവന്നാല്‍ വിനോദസഞ്ചാകളും പക്ഷിനിരീക്ഷകരും തട്ടേക്കാടിനെ കയ്യൊഴിയും. ഈ സാഹചര്യത്തില്‍ തട്ടേക്കാടിനെ വിനോദസഞ്ചാര ഭൂപടത്തില്‍ നിലനിര്‍ത്താന്‍ ജലാശയങ്ങളില്‍ ജലലഭ്യത ഉറപ്പാക്കാന്‍ അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top