Kerala

പ്രളയത്തില്‍ നിന്നും ചിറകടിച്ചുയര്‍ന്ന് തട്ടേക്കാട് പക്ഷിസങ്കേതം

പെരിയാര്‍ നിറഞ്ഞ് കവിഞ്ഞ് പ്രളയം വിഴുങ്ങിയ തട്ടേക്കാട് പക്ഷിസങ്കേതം, പഴയകാല പ്രതാപം വീണ്ടെടുക്കുന്നതിന്റെ വെമ്പലിലാണ്. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളും, പക്ഷി നിരീക്ഷകരും എത്തിയിരുന്ന തട്ടേക്കാട് പക്ഷി സങ്കേതം പ്രളയത്തെത്തുടര്‍ന്ന് താറുമാറായ സ്ഥിതിയിലായിരുന്നു. ഇവിടെയുളള പക്ഷിമൃഗാദികളെയും കാനനവിസ്മയങ്ങളെയും പ്രളയം കാര്യമായിത്തന്നെ ബാധിച്ചു.

എന്നാല്‍ തട്ടേക്കാടുളള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഫലമായി പക്ഷി സങ്കേതത്തിന്റെ സൗന്ദര്യവും ആകര്‍ഷണീയതയും തിരിച്ചു വന്നിരിക്കുകയാണ്. പെരിയാറിന്റെ തീരത്ത് വിനോദസഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി നിര്‍മിച്ചിട്ടുള്ള ട്രീ ഹട്ടും, വാച്ച് ടവറുമെല്ലാം വെള്ളവും ചെളിയും നിറഞ്ഞ് ഉപയോഗശൂന്യമായിരുന്നു. എന്നാല്‍ ജീവനക്കാരുടെ ദിവസങ്ങള്‍ നീണ്ട പ്രയത്‌നത്തിന്റെ ഫലമായി പക്ഷി സങ്കേതം മുന്‍കാല പ്രതാപം വീണ്ടെടുത്തിരിക്കുകയാണ്.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ദേശാടനപ്പക്ഷികള്‍ എത്തുമെന്നും ഇവരെ സ്വീകരിക്കാന്‍ തട്ടേക്കാട് പക്ഷി സങ്കേതം പൂര്‍ണ സജ്ജമായെന്നും അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മണി സുദര്‍ശം പറഞ്ഞു.

ഒക്ടോബര്‍ ആദ്യവാരത്തോടെ ദേശാടന പക്ഷികള്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്ക് എത്തിത്തുടങ്ങും. ദേശാടന പക്ഷികളെ വരവേല്‍ക്കാന്‍ പക്ഷി സങ്കേതം സജ്ജമായിക്കഴിഞ്ഞു. വിനോദസഞ്ചാരികളും എത്തിത്തുടങ്ങിയതോടെ ഇടക്കാലത്ത് തട്ടേക്കാടിനെ ബാധിച്ച ആലസ്യം വിട്ടൊഴിഞ്ഞ മട്ടാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top