തിരുവനന്തപുരം: കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകളുള്ള ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ പിടിമുറുക്കി പോലീസ്. വിനോദയാത്രയ്ക്കുള്ള ബസുകളില്‍ ലേസര്‍ ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള അമിതമായ പ്രകാശ സംവിധാനം ഉപയോഗിച്ച് മ്യൂസിക് ആന്‍ഡ് ലൈറ്റ് ഷോ നടത്തുന്ന വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്.
വാഹനത്തിന്റെ പ്ലാറ്റ്‌ഫോം മുറിച്ച് മാറ്റി അവിടെ ഗ്ലാസ് വച്ച് അതിനടയില്‍ ആഡംബര ലൈറ്റുകള്‍ ഘടിപ്പിക്കുന്നതായി മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസിന്റെ കര്‍ശന നിര്‍ദേശം. ഫേസ്ബുക്കിലൂടെയായിരുന്നു പോലീസിന്റെ മുന്നറിയിപ്പ്.
ലൈറ്റ് സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നത് വാഹനം ഓടിക്കുന്ന ആളാണെന്നും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്‌ക്കൊപ്പം വിനോദ സഞ്ചാരികള്‍ അകത്ത് ഡാന്‍സ് ചെയ്യും. ഡ്രൈവറുടെ ശ്രദ്ധ അപ്പോള്‍ റോഡിലാവില്ല. അതുകൊണ്ടു തന്നെ അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് വ്യക്തമാക്കുന്നു.
അതേസമയം, എതിരെ വരുന്ന വാഹനങ്ങള്‍ക്കും ഇത്തരം ലൈറ്റുകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പോലീസ് പറയുന്നുണ്ട്. ഇതുവരെ ഇത്തരം വാഹനങ്ങള്‍ക്ക് ആയിരം രൂപ പിഴയായിരുന്നു. ആയിരം രൂപ അടച്ചാലും ആരും അനാവശ്യ ലൈറ്റുകളൊന്നും അഴിച്ചു മാറ്റാറില്ല. വണ്ടിയുടെ അകത്തു മാത്രമാണ് ആദ്യമൊക്കെ ഇത്തരത്തില്‍ ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പുറത്തും ലൈറ്റുകള്‍ ഉപയോഗിച്ചുതുടങ്ങി.. അതുകൊണ്ടാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തന്നെ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.