Kerala

ക്രെഡായ് കേരള സമ്മേളനം സമാപിച്ചു; കേരളത്തില്‍ നീലഗിരി മോഡല്‍ നടപ്പാക്കണമെന്ന് ഏലിയാസ് ജോര്‍ജ്ജ്

ക്രെഡായ് കേരള സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ ഏലിയാസ് ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തുന്നു. എം. വി ആന്റണി, ഡോ. നജീബ് സക്കറിയ, ശിവ കൃഷ്ണന്‍ എന്നിവര്‍ സമീപം.

കൊച്ചി: റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയ്ക്കും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന പ്രഖ്യാപനവുമായി ക്രെഡായ് ദ്വിദിന സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനത്തില്‍ ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഗവണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഏലിയാസ് ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് കേരളത്തില്‍ നീലഗിരി മാതൃക നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നീലഗിരിയില്‍ പ്ലാസ്റ്റിക് നിരോധനവും കുന്നിന്‍ചെരുവകളിലെ നിര്‍മാണ വിലക്കും എല്ലാം അനുകരണനീയ മാതൃകകളാണ്. ഇടുക്കി, വയനാട് ജില്ലകളിലെങ്കിലും ഇത് നടപ്പാക്കാന്‍ കഴിയണമെന്നും ഏലിയാസ് ജോര്‍ജ് ആവശ്യപ്പെട്ടു. കേരളത്തെ പുനര്‍നിര്‍മിക്കുകയല്ല, പുനര്‍ വിഭാവനം ചെയ്യുകയാണ് വേണ്ടത്. ശരിയായ രൂപകല്‍പ്പന നടത്താനും നിര്‍മാണ രീതികളിലെ തെറ്റുകള്‍ തിരുത്താനുമുള്ള സുവര്‍ണാവസരം കൂടിയാണിത്. നിര്‍മാണ മേഖലകളില്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി മൈക്രോ ഏരിയ പ്ലാനിംഗ് നടപ്പാക്കണം. പ്രകൃതിക്ക് വേണ്ടിയും വരും തലമുറയ്ക്ക് വേണ്ടിയുമുള്ളതാകണം ഇനിയുള്ള നിര്‍മാണങ്ങള്‍. അസറ്റ് റീസൈക്കിളിംഗ് പോലെയുള്ള നവീന മാതൃകകള്‍ കേരളം പിന്തുടരണം. നിര്‍മാണ, വികസന മേഖലകളില്‍ കൂടുതല്‍ പൊതു സ്വകാര്യ പങ്കാളിത്തം ഉണ്ടാവണമെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.

ക്രെഡായ് കേരള ചെയര്‍മാന്‍ ഡോ. നജീബ് സക്കറിയ, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ എം. വി ആന്റണി, ജെ എല്‍ എല്‍ ഇന്ത്യ ഡെവലപ്പര്‍ സൊല്യൂഷന്‍സ് എം ഡി ശിവ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

സുസ്ഥിര രൂപകല്‍പ്പനയും നിര്‍മാണവും എന്ന സാങ്കേതിക സെഷനില്‍ അമേരിക്കന്‍ – ഇന്ത്യന്‍ ആര്‍ക്കിടെക്റ്റ് ക്രിസ്റ്റഫര്‍ ചാള്‍സ് ബെന്നിഗര്‍ പ്രഭാഷണം നടത്തി. ഹരിത നിര്‍മാണ രീതികളാണ് കേരളത്തിന് അഭികാമ്യമെന്നും ഓരോ രാജ്യത്തിന്റെയും കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള നിര്‍മാണ രീതികളാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കിങ് സ്‌പേസുകള്‍ പോലും ആവശ്യമില്ലാത്ത താരത്തിലുള്ള നിര്‍മാണരീതികളാകും ഭാവിയില്‍ ഉണ്ടാവുകയെന്നും ചാള്‍സ് പറഞ്ഞു.

രൂപകല്പനയിലും നിര്‍മാണത്തിലും കേരളത്തിന് ഭൂട്ടാനെ മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു ക്ഷേത്രങ്ങളും കൊട്ടാരങ്ങളും അതേപടി രൂപകല്‍പന ചെയ്തുള്ള നിര്‍മാണ രീതിയാണ് ഭൂട്ടാന്‍ പിന്തുടരുന്നത്. പരമ്പരാഗത നിര്‍മാണ രീതികളിലേക്ക് പിന്തുടരുക എന്നതാണ് കേരളത്തിന് അഭികാമ്യമെന്നും ക്രിസ്റ്റഫര്‍ ചാള്‍സ് ബെന്നിഗര്‍ പറഞ്ഞു. ഓട്ടോഡെസ്‌ക് സെയില്‍സ് മേധാവി എം. കെ സുനില്‍ പങ്കെടുത്തു. കൊച്ചുതൊമ്മന്‍ മാത്യു മോഡറേറ്റര്‍ ആയിരുന്നു. മുംബൈ ഡബ്ബാവാലകളുടെ അസാധാരണമായ വിജയ കഥകള്‍ ഡോ.പവന്‍ അഗര്‍വാള്‍ വിശദീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top