ഷാരൂഖ് ഖാന് ചിത്രം സീറോ സിഖ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചുള്ള കേസ് മുംബൈ കോടതി നവംബര്‍ 30ന് പരിഗണിക്കും. ചിത്രത്തിന്റെ പോസ്റ്ററില്‍ ഷാരൂഖ് അടിവസ്ത്രം ധരിച്ച് സിഖ് മതചിഹ്നങ്ങളായ കൃപാണും ഖത്രയും അണിഞ്ഞ് നില്ക്കുന്ന രംഗമുണ്ട്. സിനിമയില്‍ നിന്ന് ഈ രംഗം നീക്കം ചെയ്യണമെന്നാണ് കേസ് കൊടുത്ത അമൃതപാല്‍ സിങ്ങ് ഖല്‍സയുടെ ആവശ്യം.
സീറോ എന്ന സിനിമയിലെ ആ സീന്‍ സിഖ് മതവികാരത്തെ കളിയാക്കുകയാണ് ചെയ്യുന്നത്. സിഖുകാര്‍ക്ക് മാത്രമേ കൃപാണും ഖത്രയും ധരിക്കാനുള്ള അവകാശമുള്ളൂ. ഇത് ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുഛേദത്തിന്റെ ലംഘനമാണെന്നും ഖല്‍സ ഹര്‍ജിയില്‍ പറഞ്ഞു. ഞങ്ങളുടെ മൗലികാവകാശങ്ങളിലൊന്നായ കൃപാണിനെ കളിയാക്കുന്ന രീതിയിലാണ് ഇതില്‍ കാണിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കൃപാണിനുവേണ്ടി ഒരുപാട് സിഖ് മതവിശ്വാസികള്‍ ജീവത്യാഗം ചെയ്തിട്ടുണ്ട്. അതുകൊണ്ട് അതിനെ പരിഹസിക്കരുത്. ക്യപാണ് ധരിക്കുന്നതിന് വിലക്കില്ല. എന്നാല്‍, അതിന് ചില ചിട്ടകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിഖ് മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഈ മാസം ആദ്യം ചിത്രത്തിനെതിരേ മറ്റൊരു കേസ് കൂടി വന്നിരുന്നു. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി മന്‍ജീന്ദര്‍ സിങ്ങ് സിര്‍സയാണ് കേസ് കൊടുത്തത്.
ഷാരുഖ് കുളളനായെത്തുന്ന ചിത്രമാണ് സീറോ. ആദ്യമായി ശാരീരിക വൈകല്യമുളള വ്യക്തിയായി ഷാരൂഖ് സ്ക്രീനിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തനു വെഡ്സ് മനു: റിട്ടേണ്‍സിന് ശേഷം ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബൗവാ സിംഗ് എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. കത്രീന കൈഫ്, അനുഷ്ക ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും.