ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് ബിസിസിഐയുടെ താക്കീത്. കോഹ്ലിയുടെ ‘രാജ്യംവിടല്‍’ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല ഭരണസമിതി കോഹ്ലിക്ക് മുന്നറിയിപ്പ് നല്‍കിയത്.
ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലാത്തവര്‍ രാജ്യം വിടണമെന്ന കോഹ്ലിയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. ഒരു വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ട ആരാധകന്റെ കമന്റിനായിരുന്നു കോലിയുടെ ഈ മറുപടി. കോലിക്ക് അമിത പ്രാധാന്യമാണ് ക്രിക്കറ്റ് ലോകം നല്‍കുന്നതെന്നും, നിങ്ങളേക്കാള്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളിലെ താരങ്ങളുടെ ബാറ്റിങ്ങാണ് ഞാന്‍ കാണാറെന്നുമാണ് ആരാധകന്‍ പറഞ്ഞത്. ഇതിനു മറുപടിയായി കോഹ്ലി നല്‍കിയ കമന്റാണ് വിവാദത്തിന് വഴിവച്ചത്.
‘നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ട വ്യക്തിയല്ല. അങ്ങനെ ഞാന്‍ കരുതുന്നില്ല. രാജ്യത്ത് നിന്ന് മാറി വേറെ രാജ്യങ്ങളില്‍ ജീവിക്കൂ. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളെ ആരാധിക്കുന്നത് എന്തിനാണ്..’ ഇതായിരുന്നു ആരാധകന് കോഹ്ലിയുടെ മറുപടി. ഇതില്‍ വിശദീകരണവുമായി കോഹ്ലി രംഗത്തെത്തിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം അരങ്ങേറുകയായിരുന്നു. ഇതോടെയാണ് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി ഇക്കാര്യത്തില്‍ ഇടപെട്ടത്.
സമൂഹമാധ്യമങ്ങളിലെ വിവാദത്തിന് പുറമെ അടുത്തകാലത്തായി നടന്നൊരു ഇന്റര്‍വ്യൂവിലും കോഹ്ലിയുടെ പെരുമാറ്റം ചര്‍ച്ചയായിരുന്നു. മറുപക്ഷത്തുളളവരെ ബഹുമാനിക്കാത്ത തരത്തിലാണ് കോഹ്ലിയുടെ ഇപ്പോഴത്തെ പെരുമാറ്റമെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്ന ആക്ഷേപം. അതേസമയം തുടര്‍ച്ചയായി വിജയങ്ങള്‍ നേടി രോഹിത് ശര്‍മ ക്യാപ്റ്റന്‍ പട്ടത്തില്‍ തിളങ്ങിയാണ് തിരിച്ചെത്തിയത്. നായകസ്ഥാനത്തിരുന്ന് കഴിഞ്ഞ എല്ലാ കളികളും ജയിപ്പിച്ച ഹിറ്റമാന്‍ രോഹിതിന് സോഷ്യല്‍ മീഡിയയില്‍ ഇഷ്ടക്കാര്‍ ഏറിവരികയാണ്.