തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനെതിരെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 3,505 ആയി. അക്രമങ്ങളുമായി ബന്ധപ്പെട്ട് 529 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 122 പേര് റിമാന്‍ഡിലാണ്. ഇന്നലെ മാത്രം 160 പേരെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് 12 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാമജപ ഘോഷയാത്ര നടത്തിയവരെ നടപടികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 210 പേരുടെ ഫോട്ടോ ആല്‍ബം കൂടെ പൊലീസ് തയ്യാറാക്കി. ഇത് ഇന്ന് പുറത്ത് വിടും. നേരത്തെ 420 പേരുടെ ഫോട്ടോ ആല്‍ബം പൊലീസ് പുറത്ത് വിട്ടിരുന്നു.