Kerala

കേരളത്തിന്റെ വികസനക്കുതിപ്പില്‍ നാഴികക്കല്ലകാന്‍ കൊച്ചിയില്‍ ലോജിസ്റ്റിക്‌സ് പാര്‍ക്ക് വരുന്നു

കണ്ടെയ്‌നര്‍ ചരക്കു നീക്കത്തിന് സാധ്യതകളേറെയുളള കൊച്ചി തുറമുഖത്തോട് ചേര്‍ന്ന് ലോജിസ്റ്റിക്‌സ് പാര്‍ക്ക് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ദുബായ് ഡിപി വേള്‍ഡുമായി ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. ഞായറാഴ്ച രാവിലെ ദുബൈയില്‍ ഡി.പി വേള്‍ഡിന്റെ ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.പി വേള്‍ഡ് മാനേജ്മെന്റുമായി ചര്‍ച്ച നടത്തി.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും, ലോജിസ്റ്റ്ക്‌സ് പാര്‍ക്ക് പോലൊരു വമ്പന്‍ പദ്ധതി കേരളത്തില്‍ തുടങ്ങാനുളള അനുകൂല സാഹചര്യം പരിഗണിച്ചുമാണ് ഡിപി വേള്‍ഡ് സമ്മതമറിയിച്ചത്. ലോജിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനുവേണ്ട സ്ഥലം തിരഞ്ഞെടുത്തു നല്‍കാമെന്ന് മുഖ്യമന്ത്രിയും ഡി.പി വേള്‍ഡിന് ഉറപ്പുനല്‍കി. ഈ സംരംഭം കേരള സര്‍ക്കാറും യു.എ.ഇയും തമ്മിലുള്ള ഒരു ഉഭയകക്ഷി സംരംഭമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡി പി വേള്‍ഡിന്റെ ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായവും ഉറപ്പുനല്‍കി.

ലോജിസ്റ്റിക്‌സ് പാര്‍ക്കിനൊപ്പം ഉള്‍നാടന്‍ ജലഗതാഗതം, ചെറുകിട തുറമുഖ വികസന പദ്ധതികള്‍ എന്നിവയും ഡിപി വേള്‍ഡുമായി ചേര്‍ന്ന് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഡി.പി വേള്‍ഡിന്റെ സംരംഭകത്വ സഹായം വഴി തൊഴിലവസരം കേരളത്തില്‍ ഗണ്യമായി വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മറ്റുള്ള സ്ഥലങ്ങള്‍ പോലെയല്ല കേരളത്തിനു വേണ്ടി എന്ത് ഇടപെടലും ചുരുങ്ങിയ സമയംകൊണ്ട് തന്നെ തങ്ങള്‍ നടത്തുമെന്ന് ഡി.പി വേള്‍ഡിന്റെ ചെയര്‍മാന്‍ ഉറപ്പുനല്‍കി. സ്ഥിരോത്സാഹത്തോടുകൂടി കഠിനപ്രയത്നം ചെയ്യുന്ന മലയാളികളെ ഡി.പി വേള്‍ഡ് അഭിനന്ദിക്കുകയും ചെയ്തു. മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡി.പി വേള്‍ഡിന് ഏറ്റവും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേഖല കേരളമാണെന്ന് തിരിച്ചറിയുന്നതായും ചെയര്‍മാന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കൊപ്പം വ്യവസായ പ്രമുഖന്‍ എം.എ യൂസഫലി, പ്രിന്‍സിപ്പള്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top