Business

പ്രതീക്ഷ നിലനിറുത്തി സീസണിലെ രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം കൊച്ചിയില്‍

കൊച്ചി: സംസ്ഥാനത്തെ ടൂറിസം മേഖലയിലുണ്ടായ ഉണര്‍വും പ്രതീക്ഷയും നിലനിര്‍ത്തി ഈ സീസണിലെ രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം കൊച്ചിയിലെത്തി. ഫ്രാന്‍സില്‍ നിന്നെത്തിയ വിമാനത്തിലെ ടൂറിസ്റ്റുകള്‍ക്ക് കേരള ടൂറിസത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്.

പ്രളയത്തെത്തുടര്‍ന്ന് വിനോദസഞ്ചാര മേഖലയിലുയര്‍ന്ന ആശങ്കകളകറ്റി ഓസ്‌ട്രേലിയയില്‍നിന്ന് ടൂറിസ്റ്റുകളുമായി സീസണിലെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം കഴിഞ്ഞ മാസം കൊച്ചിയിലെത്തിയിരുന്നു. കേരളത്തിലേയ്ക്കുള്ള യാത്രകള്‍ വിദേശ സഞ്ചാരികള്‍ ഒഴിവാക്കിയിട്ടില്ലെന്നും രാജ്യാന്തര വിനോദസഞ്ചാരത്തില്‍ കേരളത്തിന്റെ പ്രതിഛായയ്ക്ക് ഉണര്‍വുണ്ടായിട്ടുണ്ടെന്നുമുള്ള സൂചനയാണ് രണ്ട് മാസത്തിനുള്ളില്‍ എത്തിയ രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം നല്‍കുന്നത്.

ഫ്രാന്‍സില്‍നിന്ന് 59 ടൂറിസ്റ്റുകളുമായി ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. പഞ്ചവാദ്യം, മുത്തുക്കുട, എന്നിവയുടെ അകമ്പടിയോടെ ചന്ദനം ചാര്‍ത്തിയാണ് ടൂറിസ്റ്റുകളെ വരവേറ്റു.

കേരളത്തിലെ ടൂറിസം വ്യവസായം കരുത്തോടെ മുന്നോട്ടു നീങ്ങുകയാണെന്ന സന്ദേശമാണ് സീസണിലെ രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം നല്‍കുന്നതെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു. ഈ മേഖലയുടെ പുനരുദ്ധാരണം ദ്രുതഗതിയിലാണ് നടക്കുന്നത്. കേവലം ഒരു മാസത്തെ ഇടവേളയില്‍ രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ വരവ് അന്താരാഷ്ട്ര രംഗത്ത് കേരള ടൂറിസത്തെക്കുറിച്ച് ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

ടൂറിസ്റ്റുകളെ സ്വീകരിക്കാന്‍ കേരളം തയ്യാറായി എന്നു വ്യക്തമാക്കുന്നതാണ് ഇതെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍ പറഞ്ഞു. വിദേശനാണ്യം നേടിത്തരുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാന വരുമാന സ്രോതസ്സാണ് ടൂറിസം. പ്രളയത്തെ തുടര്‍ന്നുണ്ടായ ആശങ്കകള്‍ ഹ്രസ്വകാലത്തേക്ക് മാത്രമുള്ളതായിരുന്നു. പൂര്‍വാധികം ശക്തിയോടെ കേരള ടൂറിസം തിരിച്ചുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുരവഞ്ചികളില്‍ കുമരകത്തിന്റെ കായല്‍ സൗന്ദര്യം നുകര്‍ന്നശേഷം തിങ്കളാഴ്ച സഞ്ചാരികള്‍ കേരളം വിടും. കൊച്ചിയില്‍നിന്ന് ശ്രീലങ്ക, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കാണ് വിമാനത്തിന്റെ യാത്ര.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top