Kerala

ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി; പ്രാര്‍ത്ഥനയോടെ ലോകം

തിരുവനന്തപുരം: കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. ലക്ഷ്മി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണെങ്കിലും വെന്റിലേറ്ററിന്റെ സഹായം 80 ശതമാനമായി കുറച്ചിട്ടുണ്ട്.

ലക്ഷ്മിയുടെ തോളിലെ ഞരമ്പിനു സാരമായ ക്ഷതമേറ്റിട്ടുണ്ട്. കാല്‍മുട്ടിനും തലച്ചോറിനേറ്റ പരിക്കുകള്‍ ഭേദപ്പെട്ടുവരികയാണെന്നും ബന്ധുക്കളെ തിരിച്ചറിയുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ലക്ഷ്മി പൂര്‍ണ്ണ ആരോഗ്യ നിലയിലേക്ക് തിരിച്ചു വരികയാണെന്ന് ബാലഭാസ്‌കറിന്റെ സുഹൃത്തും സംഗീതഞ്ജനുമായ സ്റ്റീഫന്‍ ദേവസിയും ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. ലക്ഷ്മിക്ക് എല്ലാം തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നും തിങ്കളാഴ്ചയോടെ ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുമെങ്കിലും തീവ്രപരിചരണവിഭാഗത്തില്‍ തന്നെ ചികിത്സ തുടരുമെന്നും സ്റ്റീഫന്‍ ലൈവില്‍ പറഞ്ഞു.

അതേസമയം ലക്ഷ്മിക്ക് ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ മകളെയും ഭര്‍ത്താവിനെയും അന്വേഷിച്ചതായി റിപ്പോര്‍ട്ടുകല്‍ വന്നിരുന്നു. മകളും ഭര്‍ത്താവും നഷ്ടപ്പെട്ടതറിയിക്കാതെ ഇരുവരും ചികിത്സയിലാണെന്നാണ് ബന്ധുക്കള്‍ ലക്ഷ്മിയെ ധരിപ്പിച്ചിരിക്കുന്നത്. ശാരീരികാവസ്ഥ കണക്കിലെടുത്ത് മാനസികാഘാതമുണ്ടാക്കുന്ന ഒരു കാര്യവും പറയരുതെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ചൊവ്വാഴ്ചയാണ് മരിച്ചത്. മകള്‍ തേജസ്വിനി ബാല(ജാനി) അപകട ദിവസം തന്നെ മരിച്ചിരുന്നു. എന്നാല്‍ അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഡ്രൈവര്‍ അര്‍ജുനനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വാര്‍ഡിലേക്കു മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top