ന്യൂഡല്‍ഹി:റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ഇന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ രാത്രി ഏഴ് മണിക്ക് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉജ്വല സ്വീകരത്തോടെയാണ് വരവേറ്റത്.
പ്രതിരോധ മേഖലയിലുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും ഇന്ന് ഒപ്പുവയ്ക്കും. വ്യോമ പ്രതിരോധത്തിനുള്ള അത്യാധുനിക മിസൈല്‍ സംവിധാനമായ എസ് 400 ട്രയംഫ് റഷ്യയില്‍നിന്നു വാങ്ങുന്നതു സംബന്ധിച്ച കരാറാണ് ഇതില്‍ പ്രധാനം. 39,000 കോടി രൂപയ്ക്ക് 5 എസ് 400 മിസൈലുകള്‍ ഇന്ത്യ വാങ്ങുമെന്നാണു സൂചന.
റഷ്യയില്‍നിന്നു 4 ചെറു യുദ്ധക്കപ്പലുകള്‍ നാവികസേനയുടെ ഭാഗമാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. രണ്ടെണ്ണം റഷ്യയില്‍നിന്നു വാങ്ങാനും ബാക്കിയുള്ളവ സാങ്കേതിക വിദ്യാ കൈമാറ്റത്തോടെ ഗോവ ഷിപ്യാര്ഡില് നിര്‍മിക്കാനുമുള്ള 15,840 കോടി രൂപയുടെ പദ്ധതിക്കും സുരക്ഷാകാര്യ മന്ത്രിതല സമിതി അംഗീകാരം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച കരാര്‍ പ്രഖ്യാപനവും ഇന്നുണ്ടായേക്കും.
അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുയരുന്ന തീവ്രവാദ ഭീഷണി, ഇറാനില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള യുഎസ് ഉപരോധം എന്നീ വിഷയങ്ങളിലും മോദിയും പുടിനും ചര്‍ച്ച നടത്തും. 19-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയിലും പങ്കെടുക്കുന്ന പുടിന്, രാഷ്ട്രപതി റാംനാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്നു വൈകിട്ടു മടങ്ങും.