Kerala

ശബരിമല സ്ത്രീപ്രവേശനം; എന്‍എസ്എസ് പുനപരിശോധനാ ഹര്‍ജി നല്‍കും, പിന്തുണച്ച് കോണ്‍ഗ്രസും

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് എന്‍എസ്എസ്. സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന സര്‍ക്കാരിന്റേയും ദേവസ്വംബോര്‍ഡിന്റേയും നിലപാട് നിരാശാജനകമെന്നും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മറ്റൊന്നിലുമില്ലാത്ത തിടുക്കം കാട്ടുകയാണെന്നും എന്‍എസ്എസ് ആരോപിച്ചു.

ക്ഷേത്രങ്ങളുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ദേവസ്വംബോര്‍ഡിന് ഇത്തരത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിവിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണെന്നും 2016ല്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം അട്ടിമറിച്ചതാണ് പുതിയ വിധിക്ക് കാരണമായതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാരുടേയും അംഗങ്ങളുടേയും യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികള്‍ക്കേറ്റ മുറിവുണക്കാന്‍ കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കും. കേസില്‍ കക്ഷിചേര്‍ന്നിട്ടില്ലാത്തതിനാല്‍ പുനപരിശോധനാഹര്‍ജി നല്‍കില്ല. മറ്റ് നടപടികള്‍ ഏകോപിപ്പിക്കാന്‍ ദേവസ്വംബോര്‍ഡ് മുന്‍പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തിയെന്നും ചെന്നിത്തല വ്യക്തമാക്കി.

വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന ബിജെപിയും രംഗത്ത്. കോടതി വിധിക്കെതിരെ വിശ്വാസി സമൂഹം ആരംഭിച്ചിട്ടുള്ള സമരത്തിന് ബിജെപി പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി ബിജെപി സംസ്ഥാന നേതാക്കള്‍, സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ളയുടെ നേത്യത്വത്തില്‍ ഇന്ന് കോട്ടയത്ത് വച്ച് ശബരിമല തന്ത്രി കുടുംബാംഗങ്ങളെയും, വിവിധ ഹൈന്ദവ ആചാര്യന്മാരെയും, പന്തളം രാജകുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top