കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് വിമുക്ത സ്ഥാപനമാകും. ബാങ്കിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി മഹാത്മഗാന്ധിയുടെ ജന്മദിനാചരണ വേളയിലാണ് ഇതു പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന് പിന്തുണയായായും 2022ല്‍ രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തവുമാക്കാനുള്ള ശ്രമത്തിന്റെയും ഭാഗമായുമാണ് എസ്ബിഐയുടെ ഈ പ്രധാന ദൗത്യം.
അടുത്ത 12 മാസം എസ്ബിഐ ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് മുക്തമാകും. എല്ലാ ഓഫീസുകളിലെയും പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ക്ക് പകരം ഡിസ്പെന്‍സറുകള്‍ സ്ഥാപിക്കും. ബാങ്കിലെ നിലവിലെ പ്ലാസ്റ്റിക് പേപ്പര്‍ ഫോള്‍ഡറുകള്‍ മാറ്റി നിലവാരമുള്ളവ ഉപയോഗിക്കാന്‍ തുടങ്ങും. എസ്ബിഐയുടെ കാന്റീനുകളില്‍ പ്ലാസ്റ്റിക് സാധനങ്ങളും കണ്ടെയിനറുകളും മാറ്റി ജൈവ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കും.
പ്ലാസ്റ്റിക് മുക്തമാക്കേണ്ടതിന്റെ അനിവാര്യത നമ്മള് തിരിച്ചറിയുമ്പോള്‍ മാത്രമാണ് എസ്ബിഐയെ ഒരു വര്‍ഷം കൊണ്ടു പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള തീരുമാനം പൂര്‍ത്തിയാക്കാന്‍ സാധിക്കൂകയുള്ളുവെന്ന് എസ്ബിഐ ചെയര്മാന് രജനീഷ് കുമാര്‍ പറഞ്ഞു.