മണ്ണാര്‍ക്കാട്: പി.കെ.ശശി എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമ പരാതിക്കു പിന്നാലെ സിപിഎമ്മില്‍ പുതിയ പീഡന വിവാദം തലപൊക്കുന്നു. മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖല സെക്രട്ടറിയും സിപിഎം കൊടക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ വിജേഷിനെതിരെയാണ് പരാതി. പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയാണ് വിജേഷിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
പരാതിക്കാരിയുടെ ഡ്രൈവര്‍ കൂടിയായിരുന്ന വിജേഷ് തന്നെ പീഡിപ്പിച്ചെന്നാണ് പാര്‍ട്ടി അംഗം കൂടിയായ യുവതി നാട്ടുകല്‍ പോലീസില്‍ നല്കിയ പരാതി. പ്രതിയെ പിടികൂടി ചോദ്യം ചെയ്ത ശേഷം ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് അറസ്റ്റ് വിവരം പുറത്തുവിടുന്നത്.
പി.കെ ശശി എംഎല്‍എയ്ക്കെതിരായ പരാതി പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ പരിഗണനയിലിരിക്കെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ശശിക്കെതിരായ പരാതി ആരോപണം മാത്രമാണെന്ന് തെളിയിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നിരിക്കെ പാര്ട്ടിക്കകത്തുണ്ടായിരിക്കുന്ന പുതിയ പീഡന പരാതി സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.