Kerala

ബി.ജെ.പി അംഗത്വമെടുത്തുവെന്ന പ്രചാരണം തെറ്റെന്ന് വൈദികന്‍ : ഫെയ്‌സ്ബുക്ക് പോസ്‌ററ് തിരുത്തി ബി.ജെ.പി

കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പ്പിള്ളയില്‍ നിന്നും ബി.ജെ.പി അംഗത്വമെടുത്തുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. മാത്യു മണവത്ത്. ആശംസ അറിയിച്ചാല്‍ മെമ്പര്‍ ആകില്ല. ഇത് നീതികേടാണ്. വെറുതെ അഭ്യൂഹങ്ങള്‍ പടച്ചു വിടുമ്പോള്‍ സത്യമെന്തെന്ന് അന്വേഷിക്കണം. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നവര്‍ അത് പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും ഫാ. മാത്യു മണവത്ത് ആവശ്യപ്പെട്ടു.

ഫാദര്‍ മാത്യു മണവത്ത് ഉള്‍പ്പടെ അഞ്ച് ക്രിസ്ത്യന്‍ പുരോഹിതര്‍ കോട്ടയത്ത് നടന്ന സ്വകാര്യ ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റ് വന്നിരുന്നു. മുഖ്യധാരാ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഇത് വാര്‍ത്തയാക്കിയതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി ഫാ.മാത്യു രംഗത്തെത്തിയിരിക്കുന്നത്.

ബി.ജെ.പിയില്‍ അംഗത്വമെടുക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചതോടെ വിശ്വാസികളോടും ജനങ്ങളോടും മറുപടി പറഞ്ഞ് പ്രതിസന്ധിയിലായ മണര്‍കാട് സെന്റ്മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ടേര്‍ഡ് ഹെഡ്മാസ്റ്റര്‍ കൂടിയായ മാത്യു മണവത്ത് കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പങ്കുവെച്ചു.

അയല്‍വാസിയായ ഒരാളുടെ മൃതദേഹം സൗദി അറേബ്യയില്‍ നിന്നും കൊണ്ടുവരുന്നതിന് സഹായം അഭ്യര്‍ഥിക്കാനാണ് താന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്ന കോട്ടയം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ എത്തിയത്. അവിടെ ഒരു യോഗം നടക്കുന്നുണ്ടായിരുന്നു. അത് മെമ്പര്‍ഷിപ്പ് വിതരണ ചടങ്ങാണെന്ന് അറിയില്ലായിരുന്നു. ആ ചടങ്ങില്‍ പങ്കെടുക്കാമോ എന്ന് ചിലര്‍ ചോദിച്ചു. പൊതുപരിപാടി എന്ന അര്‍ത്ഥത്തില്‍ പരിപാടിയില്‍ പങ്കെടുത്തു.പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നോ എന്ന് ചോദിച്ചു.

താന്‍ ഒരു വൈദികനാണെന്നും തനിക്ക് രാഷ്ട്രീയമില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു. പിന്നീടാണ് താന്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതായി അറിഞ്ഞത്. താന്‍ നേരത്തെയും പല രാഷ്ട്രീയ പാര്‍ട്ടിയുടെയും പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷെ ഇത്തരത്തിലൊരു അനുഭവം ആദ്യമായാണ്. മറ്റൊരു വൈദികനും ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടതായാണ് അറിഞ്ഞത്. ബി.ജെ.പിയോട് തനിക്ക് എതിര്‍പ്പൊന്നുമില്ല. പക്ഷെ താന്‍ അറിയാത്ത ഒരു കാര്യത്തില്‍ തന്റെ പേര് ഉപയോഗിച്ചതില്‍ വേദനയുണ്ട്.

യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കാനാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ബി.ജെ.പിയുടെ ഉത്തരവാദിത്വപ്പെട്ട ഒരാള്‍ പോലും തന്നെ ബന്ധപ്പെട്ടില്ല. ജനാധിപത്യ സമൂഹത്തില്‍ ഇത്തരം കുറുക്കുവഴികള്‍ സ്വീകരിക്കുന്നത് ഒട്ടും നല്ലതല്ല. ഇത്തരം പ്രവര്‍ത്തനം തുടരണോ എന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ എന്നും ഫാ.മാത്യു മണവത്ത് വ്യക്തമാക്കി. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബി.ജെ.പി കേരളം എന്ന ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്ന് ഫാ.മാത്യു മണവത്തിന്റെ പേര് എഡിറ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top