Entertainment

പ്രളയദുരിതം ആദ്യം വരികളായി, പാട്ടായി, ഹിറ്റായി

പ്രളയകാലത്തെ നൊമ്പരകാഴ്ചകള്‍ കണ്ണു നനയിച്ചപ്പോള്‍ മനസില്‍ തോന്നിയതൊക്കെ വരികളായി കുറിച്ചുവെച്ചു. ഒരു ഗായികയായ തനിക്ക് പ്രളയദുരിതമൊന്നും കവിതയായി എഴുതാന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല. പിന്നണി ഗായികയും, സ്റ്റേജ് സിംഗറുമായ റാണി സിബുവിന്റെ വാക്കുകളില്‍ ഇപ്പോഴും ദുരിതത്തിലകപ്പെട്ടവരോടുള്ള കരുതലും സ്‌നേഹാനുഭൂതിയുമാണ് നിറഞ്ഞു നില്‍ക്കുന്നത്.

ഇരുപത്തിയഞ്ച് വര്‍ഷമായി സ്റ്റേജ് ഷോകളില്‍ സജീവ സന്നിധ്യമായ റാണി കുറിച്ചിട്ട വരികള്‍, പാട്ടായി ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തപ്പോള്‍ കണ്ടത് പത്ത്‌ലക്ഷത്തിലധികം പേരാണ്. ശിവ രഞ്ജിനി രാഗത്തില്‍ ഈണം നല്‍കി സ്വന്തം വരികള്‍ ട്യൂണിട്ട് ആലപിച്ച് സോഷ്യല്‍ മീഡിയയില്‍ ചെയ്യുമ്പോള്‍ റാണി പോലും ഈ കാവ്യാലാപനം ഇത്ര കണ്ട് വൈറലാകുമെന്ന് കരുതിയില്ല.

വരികള്‍ പാടി ആദ്യം സുഹൃത്തുക്കള്‍ക്കാണ് അയച്ച് കൊടുത്തത് കേട്ടവര്‍ റാണിയെ വിളിച്ച് അഭിനന്ദനമറിയിച്ചു. തുടര്‍ന്നാണ് ഓഡിയോ വിഷ്വലൈസ് ചെയ്ത് ഫേസ്ബുക്കിലിട്ടത്. പ്രളയദുരന്തത്തിനിടയില്‍ പാട്ട് സാവധാനം പോപ്പുലറായി മാറി.

“ഒരു രാവ് പുലരുമ്പോള്‍
ഭൂമിയും പുഴയായി ചിതറുന്നു
മര്‍ത്ത്യനും പല ദിക്കിലായ് ”

 

 

വരികളിലെ അര്‍ത്ഥവ്യാപ്തിയും, ഇമ്പമാര്‍ന്ന ഈണവും, ആലാപനത്തിലെ മാധുര്യവും ഒത്ത് ചേര്‍ന്നപ്പോള്‍ ബാക്കിപത്രം എന്ന പേരിലുള്ള പ്രളയദുരിത കവിത കേട്ടവര്‍ കേട്ടവര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം പങ്കുവെച്ചു. കഴിഞ്ഞ 12 വര്‍ഷമായി കലാഭവനിലെ സ്റ്റേജ് ഷോയിലെ പ്രധാന ഗായികയായ റാണി, നിരവധി വിദേശ രാജ്യങ്ങളില്‍ പാട്ടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ പ്രത്സാഹനവും നല്‍കിയത് അച്ഛന്‍ ജനാര്‍ദനനും , അമ്മ ശാന്തമ്മയുമാണ്. വിവാഹ ശേഷം ഭര്‍ത്താവ് സിബുവും എല്ലാ പിന്തുണയും നല്‍കുന്നു. ഈ പാട്ടിന്റെ പ്രൊഡ്യൂസറും സിബു തന്നെയാണ്. പഞ്ചമി പ്രൊഡക്ഷന്‍സാണ് നിര്‍മ്മിച്ചിരിക്കുന്നത്. പഞ്ചമിയിലെ നിബു ചാള്‍സ്, വിനോദ്, ഉണ്ണി, എന്നിവരും ഏറെ സഹായിച്ചുവെന്ന് റാണി പറഞ്ഞു.

കോട്ടയം സ്വദേശിയായ റാണി ഇപ്പോള്‍ എറണാകുളത്താണ് താമസം. പുതിയൊരു കവിത പാട്ടായി രൂപപ്പെടുത്തുന്ന തിരക്കിലാണ് റാണിയിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച വലിയ പിന്‍തുണ തന്നെയാണ് ഈ ഗായികയുടെ ഇപ്പോഴത്തെ കരുത്ത്. ആലാപനത്തിന്റെ ചിരപരിചിതമായ ലോകത്ത് നിന്ന് കവിത എഴുത്തിന്റെ പുതിയ മേഖലയില്‍ സാവധാനം ചുവടുറപ്പിക്കുകയാണ് ഈ ഗായിക. ഒരു പരിചയവുമില്ലാത്ത നിരവധി ആസ്വാദകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദനത്തിന്റെ ‘ലൈക്കും’ വീണ്ടും എഴുതി പാടണമെന്ന ‘കമന്റും’ നല്‍കി റാണിയെ പ്രോത്സാഹിപ്പിക്കുന്നു. സ്‌നേഹ പൂര്‍ണ്ണമായ ഈ പിന്തുണ സ്വന്തമായി പാട്ടുകള്‍ എഴുതി ട്യൂണ്‍ ചെയ്ത് ആലപിക്കുവാന്‍ റാണിക്ക് തികഞ്ഞ ആത്മവിശ്വാസം നല്‍കുന്നു. ഇതൊരു നിമിത്തമാണെന്ന് വിശ്വസിക്കാനാണ് റാണി ഇഷ്ടപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top