ന്യൂഡല്‍ഹി: കാണാതായ ബിഎസ്എഫ് ഹെഡ്കോണ്‍സ്റ്റബിള്‍ നരേന്ദ്ര കുമാറിന്റെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കണ്ണുകള്‍ രണ്ടും ചൂഴ്ന്നെടുത്തിരുന്നു. ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപം രാംഗാര്‍ഹ് സെക്ടറിലാണ് സംഭവം.
നരേന്ദ്ര കുമാറിന്റെ മൃതദേഹത്തില്‍നിന്ന് മൂന്ന് വെടിയുണ്ടകളും കണ്ടെത്തി. ഇന്ത്യ പാക് അതിര്‍ത്തിയ്ക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. നരേന്ദ്ര കുമാര്‍ ഫോണ്‍ കോളുകളോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ആറ് മണിക്കൂറോളം നടത്തിയ തെരച്ചിലുകള്‍ക്കൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. പാകിസ്താന് സൈന്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിഎസ്എഫ് വ്യക്തമാക്കി.
കാണാതായ ജവാനെ കണ്ടെത്താന്‍ പാകിസ്താന് റേഞ്ചേഴ്സിന്റെ സഹായം തേടിയെങ്കിലും അവര്‍ പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാകാതെ പ്രദേശത്തെ ജലസേചന സംവിധാനത്തില്‍ വന്ന തകരാറിന്റെ പേര് പറഞ്ഞ് തിരികെപ്പോവുകയായിരുന്നു.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടന്ന അതിക്രൂരതയെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പാകിസ്താനുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാരിനെയും വിദേശകാര്യമന്ത്രാലയത്തെയും ഉദ്ധരിച്ച് മിലിട്ടറി ഓപ്പറേഷണല്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.